ജിഷയുടെ പിതാവ് പാപ്പു വഴിവക്കില്‍ മരിച്ച നിലയില്‍


പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു മരിച്ച നിലയില്‍. പെരുമ്പാവൂര്‍ ചെറുകുന്നത്ത് ഫാമിനു സമീപത്തുള്ള റോഡിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുമെന്നും കുറുപ്പംപടി പൊലീസ് അറിയിച്ചു.

അദ്ദേഹം രോഗബാധിതനായിരുന്നുവെന്നും അതിനാല്‍ അസ്വഭാവികമരണമല്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാഹനമിടിച്ചതിനെതുടര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍പോലും കഴിയാതെ ചികിത്സയിലായിരുന്ന പാപ്പുവിനെ ഭാര്യ തിരിഞ്ഞുനോക്കിയിരുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. മകളുടെ മരണശേഷം ലഭിച്ച വലിയ സാമ്പത്തിക സഹായം ജിഷയുടെ അമ്മ രാജേശ്വരി ധൂര്‍ത്തടിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
രാജേശ്വരി സ്ഥിരം യാത്ര ചെയ്യുന്നത് എസി കാറിലാണ്. ലക്ഷങ്ങള്‍ സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിച്ചെങ്കിലും രോഗിയായ പാപ്പുവിന് ഒരു രൂപ പോലും നല്കിയിരുന്നില്ല. പകല്‍സമയങ്ങളില്‍ യാത്രയിലാണ് രാജേശ്വരി. മുഴുവന്‍ നേരം ഹോട്ടല്‍ ഭക്ഷണം. ഹോട്ടലിലെ ജീവനക്കാര്‍ക്ക് വലിയ തുക ടിപ്പ് നല്‍കിയരുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ജിഷ കൊല്ലപ്പെട്ടതിനു ശേഷം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് അകനാട് മൂലേപ്പാടത്ത് ആറുസെന്റില്‍ സര്‍ക്കാര്‍ പണിതു നല്‍കിയ കോണ്‍ക്രീറ്റ് വീട്ടിലേയ്ക്കാണ് രാജേശ്വരി എത്തിയത്. ഒപ്പം മകള്‍ ദീപയും മകനുമുണ്ട്. ഇപ്പോള്‍ ഈ വീടിന് സൗകര്യം പോരെന്നാണ് രാജേശ്വരിയുടെ പരാതി. സൗകര്യം കൂട്ടണമെന്ന് ആവശ്യപ്പെട്ട് രാജേശ്വരി ജില്ലാകളക്ടറെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കളക്ടര്‍ അംഗീകരിച്ചില്ല. കൈയില്‍ പണമെത്തുതനുസരിച്ച് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മതിയെന്നായിരുന്നു കളക്ടറുടെ നിലപാട്.

No comments

Powered by Blogger.