സുനിയുടെ ഭീഷണിക്കു പിന്നാലെ ദിലീപ് ഡിജിപിയെ വിളിച്ചു; തെളിവുകൾ പുറത്ത്


കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിൽ, പൾസർ‌ സുനിയുടെ ഭീഷണി ഫോൺകോൾ വന്നതിനു പിന്നാലെ ദിലീപ് ഡിജിപി ലോക്നാഥ് ബെഹ്റയെ വിളിച്ചതിനു തെളിവ്. അന്വേഷണസംഘം ആരോപിച്ചതുപോലെ 20 ദിവസം വൈകിയല്ല, ജയിലിൽനിന്ന് സുനിയുടെ ഭീഷണി ഫോൺവിളികള്‍ വന്നതിനു തൊട്ടുപിന്നാലെ ഡിജിപിയുടെ ഫോണിലേക്ക് ദിലീപ് വിളിച്ചിരുന്നു. ഫോൺകോൾ രേഖകൾ മനോരമ ന്യൂസ് പുറത്തുവിട്ടു. അന്വേഷണസംഘത്തെയും ഡിജിപിയെയും പ്രതിരോധത്തിലാക്കുന്നതാണ് പുറത്തുവന്ന രേഖകൾ. വ്യാജ തെളിവുണ്ടാക്കി തന്നെ കുടുക്കിയെന്ന് ആരോപിച്ച് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഫോൺ വിളി രേഖകൾ പുറത്തുവരുന്നത്.

ബെഹ്റയ്ക്കു വാട്സാപ്പിലൂടെ നൽകിയ വിവരം പരാതിയായി കണക്കാക്കാനാകില്ല എന്നായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ ഹൈക്കോടതിയിൽ പൊലീസ് നിലപാടെടുത്തത്. ദിലീപിന്റെ പരാതി പൊലീസിനു ലഭിച്ചത് ഏപ്രിൽ 22 നാണ്. പൾസർ സുനിക്കു വേണ്ടി വിഷ്ണു ദിലീപിനെ ഫോണിൽ വിളിച്ചത് മാർച്ച് 28നും. 20 ദിവസങ്ങൾക്കുശേഷമാണ് ദിലീപ് പരാതി നൽകിയത്. പരാതി നൽകാൻ വൈകിയതിൽ നിഗൂഢതയുണ്ടെന്നായിരുന്നു പൊലീസിന്റെ വാദം
നടനെതിരെ 20 തെളിവുകൾ എണ്ണിപ്പറഞ്ഞ് കുറ്റപത്രം കണക്കെ സുദീർഘമായ റിമാൻഡ് റിപ്പോർട്ടാണ് അന്വേഷണസംഘം കോടതിയിൽ നൽകിയത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് ഡിജിപിക്കു നൽകിയ പരാതിയെക്കുറിച്ച് പറയുന്നത്. നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പൾസർ സുനിയെന്ന സുനില്‍ കുമാർ ജയിലിൽനിന്ന് നാദിർഷയെയും അപ്പുണ്ണിയെയും ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടു. ഇക്കാര്യം അവർ ദിലീപിനെ അറിയിക്കുന്നു. എന്നാൽ, 20 ദിവസങ്ങൾക്ക് ശേഷമാണ് ദിലീപ് പൾസർ സുനിക്കെതിരെ പരാതി കൊടുത്തിട്ടുള്ളൂ എന്നും ഇക്കാലയളവിൽ പ്രതികളും സാക്ഷികളും മുഖേന പ്രശ്നം ഒത്തുതീർക്കുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നുമാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്.

സുനിയുടെ ഭീഷണിക്കു തൊട്ടുപിന്നാലെ ദിലീപ് ബെഹ്റയുടെ ഫോണിലേക്കു വിളിച്ചിരുന്നു. പലവട്ടം ദിലീപ് ഡിജിപിയെ വിളിച്ചതിനും തെളിവുണ്ട്. ബെഹ്റയുടെ സ്വകാര്യ ഫോണിലേക്കാണ് എല്ലാ കോളുകളും എത്തിയിരുന്നത്. പ്രധാന തെളിവുകളിലൊന്നായി പൊലീസ് ഉന്നയിച്ച വാദത്തിന്റെ മുനയൊടിക്കുന്നതാണ് ഫോൺ കോൾ രേഖകൾ.

ബെഹ്റയുടെ സ്വകാര്യ ഫോണായ 9654409230 എന്ന നമ്പറിലേക്കാണു ദിലീപ് വിളിച്ചിരുന്നത്. ഏപ്രിൽ 10നാണ് ആദ്യവിളി. നാദിർഷയോടും അടുത്ത സുഹൃത്തായ നിർമാതാവ് വ്യാസനോടും സംസാരിച്ച ശേഷം രാത്രി 9.57നാണ് ദിലീപ് ഡിജിപിയെ വിളിച്ചത്. ജയിലിൽനിന്ന് പൾസർ സുനിയുടെ ആദ്യവിളി നാദിർഷക്ക് വന്നത് അന്നായിരുന്നു. പിന്നീട് ഏപ്രിൽ 18ന് ഉച്ചക്ക് 1.03ന്, 20ന് ഉച്ചക്ക് 1.55ന്, 21ന് വൈകിട്ട് 6.12നും വിളിച്ചു. ഈ വിളികൾക്കൊപ്പം തന്നെ ഓരോ ദിവസവും പൾസർ സുനിയുടെയും കൂട്ടാളിയുടെയും സംഭാഷണം റെക്കോർഡ് ചെയ്തത് ‍ഡിജിപിയുടെ വാട്സാപ്പിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. 

No comments

Powered by Blogger.