തോമസ് ചാണ്ടിയുടെ രാജി; നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്


തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കുമോയെന്ന് ഇന്നറിയാം. നിര്‍ണായക സി.പി.എം സെക്രട്ടറിയറ്റ് യോഗം ഇന്ന് തലസ്ഥാനത്ത് ചേരും. സെക്രട്ടറിയറ്റ് യോഗത്തിന് ശേഷം സി.പി.എം സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയും നടത്തിയേക്കും. തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളെ ചൊല്ലി വിവാദം തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും സി.പി.എം സംസ്ഥാന നേതൃയോഗങ്ങളിലൊന്നിലും ഇതുവരെ ഈ വിഷയം ചര്‍ച്ചയായിട്ടില്ല. ആദ്യമായി ഇന്നത്തെ സെക്രട്ടറിയറ്റിലാണ് വിഷയം ചര്‍ച്ചയ്ക്കു വരുന്നത്.
അതു കൊണ്ട് ഇതേക്കുറിച്ച് പാര്‍ട്ടി ഇഴ കീറി പരിശോധിക്കും. തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന പരാതികള്‍, അതില്‍ ആലപ്പുഴ കലക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ എന്നിവ സി.പി.എം വിലയിരുത്തും. ചാണ്ടിക്ക് അനുകൂലമായ സര്‍ക്കാര്‍ വാദങ്ങള്‍ തള്ളിയാണ് വിജിലന്‍സ് കോടതി ദ്രുതപരിശോധയ്ക്ക് ഉത്തരവിട്ടതെന്ന പ്രശ്‌നവും പാര്‍ട്ടിക്ക് മുന്നിലുണ്ട്.
യു.ഡി.എഫ് ഭരണകാലത്ത് മന്ത്രിമാരായ കെ.എം മാണിക്കും കെ.ബാബുവിനുമെതിരെ വിജിലന്‍സ് ദ്രുത പരിശോധന വന്നപ്പോള്‍ എടുത്ത നിലപാടും ചാണ്ടിക്ക് വേണ്ടി മാറ്റാനാവുമോയെന്ന ചോദ്യവും സി.പിഎം നേരിടുന്നു. ഇനിയും നികത്തുമെന്ന് വെല്ലുവിളിക്കുയും കൂടി ചെയ്തതോടെ തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന അഭിപ്രായം മിക്ക നേതാക്കള്‍ക്കുമുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയറ്റിലെടുക്കുന്ന നിലപാട് അതി നിര്‍ണായകമാകും.
മന്ത്രിയെ മാറ്റരുതെന്നാവശ്യമാണ് എന്‍.സി.പി ഉന്നയിക്കുന്നത് .ഇത് തള്ളുകയാണെങ്കില്‍ അക്കാര്യം എന്‍.സി.പി ദേശീയ നേതൃത്വത്തെ സി.പി.എമ്മിന് ബോധ്യപ്പെടുത്തണം. തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് സി.പി.ഐ പറയാതെ പറഞ്ഞു കഴിഞ്ഞു. തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളില്‍ റവന്യൂ വകുപ്പിന് തുടര്‍ നടപടിയെടുക്കാനും ഇടതു മുന്നണിയുടെ രാഷ്ട്രീയ തീരുമാനം വേണം. കേസിനെ ചൊല്ലി റവന്യൂമന്ത്രി -എ.ജി തര്‍ക്കവും സി.പി.ഐയുടെ അഭിമാന പ്രശ്‌നമാണ്. അതിനാല്‍ സി.പി.എം സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയും തോമസ് ചാണ്ടി വിഷയത്തില്‍ പ്രധാനമാണ്

No comments

Powered by Blogger.