ക്ലൈമാക്സിൽ ട്വിസ്റ്റ്; പൊളിയുന്നുവോ പൊലീസിന്റെ തിരക്കഥ?


നടന്‍ ദിലീപും പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും. ദിലീപ് പറയുന്നത് ബ്ലാക്മെയില്‍ പരാതി കൊടുത്തുവെന്ന്. കിട്ടിയെന്ന് പറഞ്ഞ് കൂടുതല്‍ വ്യക്തമാക്കാതെ ബെഹ്റ. എന്നുമാത്രമല്ല പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്ന ദിലീപിന്റെ പരാതി പൊലീസ് അന്വേഷിച്ചതേയില്ല. പരാതി തന്നത് 20 ദിവസം വൈകിയാണ് എന്നതായിരുന്നു ആ പരാതിയെ സംശയിക്കാന്‍ പൊലീസ് പറഞ്ഞ ന്യായം.
എന്നാല്‍ അങ്ങനെയുമല്ല വസ്തുതയെന്ന് മനോരമ ന്യൂസ് പുറത്തുവിട്ട രേഖകള്‍ പറയുന്നു. പള്‍സര്‍ സുനിയുടെ ഫോണ്‍വിളികള്‍ വന്ന് തൊട്ടുപിന്നാലെതന്നെ ദിലീപ് ഡിജിപിയുടെ ഫോണിലേക്ക് വിളിച്ചു. ഒന്നല്ല, പലവട്ടം. അപ്പോള്‍ എന്തിനാണ് പരാതിവൈകിയെന്ന ആക്ഷേപം പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലടക്കം ഉന്നയിച്ചത്? എന്തുകൊണ്ടാണ് ദിലീപിന്റെ പരാതി പൊലീസ് അവഗണിച്ചത്?
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാകും മുൻപ് നടൻ ദിലീപ് ഡിജിപി ലോകനാഥ് ബെഹ്റയെ പലവട്ടം വിളിച്ചതിന് തെളിവ്. അന്വേഷണസംഘം ആരോപിച്ചത് പോലെ ഇരുപതുദിവസം വൈകിയല്ല, ജയിലിൽ നിന്ന് പൾസര്‍ സുനിയുടെ ഭീഷണി ഫോൺവിളികള്‍ വന്നതിന് തൊട്ടുപിന്നാലെ തന്നെ ഡിജിപിയുടെ ഫോണിലേക്ക് ദിലീപ് വിളിച്ചിരുന്നു എന്നാണ് വ്യക്തമാകുന്നത്. സർക്കാരിന് നൽകിയ പരാതിയിലും ദിലീപ് ഉന്നയിച്ച ഇക്കാര്യം ഡിജിപിയെയും പ്രതിരോധത്തിലാക്കും.
ദിലീപിനെതിരെ 20 തെളിവുകൾ എണ്ണിപ്പറഞ്ഞ് കുറ്റപത്രം കണക്കെ സുദീർഘമായ റിമാൻഡ് റിപ്പോർട്ടാണ് അറസ്റ്റിന് തൊട്ടുപിന്നാലെ അന്വേഷണസംഘം കോടതിയിൽ നൽകിയത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് ദിലീപ് ‍ഡിജിപി ലോകനാഥ് ബെഹ്റക്ക് നൽകിയ പരാതിയെക്കുറിച്ച് പറയുന്നത്. നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പൾസർ സുനിയെന്ന സുനില്‍ കുമാർ ജയിലിൽനിന്ന് നാദിർഷയെയും അപ്പുണ്ണിയെയും ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ട കാര്യം അവർ ദിലീപിനെ അറിയിക്കുന്നു.
പിന്നീടുള്ള കാര്യം റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ. ഉദ്ദേശ്യം 20 ദിവസങ്ങൾക്ക് ശേഷമാണ് ദിലീപ് ഒന്നാം പ്രതി സുനിൽ കുമാറിനെതിരെ പരാതി കൊടുത്തിട്ടുള്ളൂ എന്നും അത്രയും കാലയളവിൽ മറ്റ് പ്രതികളും സാക്ഷികളും മുഖേന പ്രശ്നം ഒത്തുതീർക്കുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നും വെളിവാകുന്നുണ്ട്. പ്രധാന തെളിവുകളിലൊന്നായി പൊലീസ് ഉന്നയിച്ച ഈ വാദത്തിന്റെ മുനയൊടിക്കുന്നതാണ് ഫോൺ കോൾരേഖകൾ.
ജയിലിൽ കിടന്ന സുനിൽ കുമാറിന്റെയും സുഹൃത്ത് വിഷ്ണുവിന്റെയും വിളികൾ നാദിർഷക്കും അപ്പുണ്ണിക്കും വന്നതിന് പിന്നാലെയെല്ലാം അവർ ദിലീപിനെ വിവരം അറിയിക്കുന്നു, തൊട്ടുപിന്നാലെ ദിലീപ് ഡിജിപിയെ വിളിക്കുന്നു. ഇക്കാര്യം ഒരു സംശയത്തിനുമിടയില്ലാതെ ഈ രേഖകളിൽ നിന്ന് വ്യക്തമാകും. ലോകനാഥ് ബെഹ്റയുടെ സ്വകാര്യ ഫോണായ 9654409230 എന്ന നമ്പറിലേക്കാണ് ദിലീപ് വിളിച്ചതത്രയും. ആദ്യവിളി ഏപ്രിൽ 10നാണ്. നാദിർഷയോടും അടുത്ത സുഹൃത്തായ നിർമാതാവ് വ്യാസനോടും സംസാരിച്ച ശേഷം രാത്രി 9.57നാണ് ദിലീപ് ഡിജിപിയെ വിളിച്ചത്.
ജയിലിൽ നിന്ന് പൾസർ സുനിയുടെ ആദ്യവിളി നാദിർഷക്ക് വന്നത് അന്നായിരുന്നു. പിന്നീട്, ഏപ്രിൽ 18ന് ഉച്ചക്ക് 1.03ന്, 20ന് ഉച്ചക്ക് 1.55ന്, 21ന് വൈകിട്ട് 6.12നും. ഈ ഫോൺ വിളികൾക്കൊപ്പം തന്നെ ഓരോ ദിവസവും പൾസർ സുനിയുടെയും കൂട്ടാളിയുടെയും സംഭാഷണം റെക്കോർഡ് ചെയ്തെടുത്തത് ‍ഡിജിപിയുടെ വാട്സാപ്പിലേക്ക് അയച്ചിരുന്നതായും ജാമ്യത്തിനുള്ള വാദത്തിനിടെ ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
അന്നത് പ്രതിഭാഗം മാത്രമായിരുന്നെങ്കിൽ ഇപ്പോൾ ഇതാദ്യമായി അതിനുള്ള തെളിവുകളും പുറത്തുവരികയാണ്. കാര്യങ്ങൾ ഇത്ര പകൽപോലെ വ്യക്തമായിട്ടും അന്വേഷണസംഘം എന്തിനിത് മറച്ചുവയ്ക്കാൻ ശ്രമിച്ചു. അതുകൊണ്ടാണ് മു‍ൻപെങ്ങുമില്ലാത്തത് പോലെ ഇക്കാര്യത്തിൽ തനിക്ക് പറയാനുള്ളത് മുദ്രവച്ച കവറിൽ ഡിജിപിക്ക് ഹൈക്കോടതിയെ അറിയിക്കേണ്ടിവന്നത്.

No comments

Powered by Blogger.