ഇന്ത്യയിൽ ‘നിരോധിച്ച നോട്ടുകൾ’ ആഫ്രിക്കൻ തിരഞ്ഞെടുപ്പിന്!!...


തിരഞ്ഞെടുപ്പു പ്രചാരണ ബോർഡുകൾക്കും പ്ലക്കാർഡിനുമൊക്കെയായി വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിലെ ഹാർഡ് ബോർഡുകൾ ദക്ഷിണാഫ്രിക്കയിലേക്ക് അയയ്ക്കാനായി പായ്ക്ക് ചെയ്യുന്നു.

കണ്ണൂർ∙ ഇന്ത്യ നിരോധിച്ച കോടിക്കണക്കിനു രൂപയുടെ നോട്ടുകെട്ടുകൾ ദക്ഷിണാഫ്രിക്കയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്. തെറ്റിദ്ധരിക്കേണ്ട. ഇന്ത്യ പിൻവലിച്ച 1000 രൂപയുടെയും 500 രൂപയുടെയും 800 ടൺ നോട്ടുകൾ ഹാർഡ് ബോർഡുകളുടെ രൂപത്തിലാണു ദക്ഷിണാഫ്രിക്കയിലെത്തുന്നത്. 


ദക്ഷിണാഫ്രിക്കയിൽ പൊതുതിരഞ്ഞെടുപ്പു 2019ൽ ആണെങ്കിലും പ്ലക്കാർഡിനും പ്രചാരണ ബോർഡുകൾക്കുമൊക്കെയായി ഹാർഡ് ബോർഡുകളുടെ കയറ്റുമതി തുടങ്ങിയതായി വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് മാനേജിങ് ഡയറക്ടർ പി.കെ.മായൻ മുഹമ്മദ് പറഞ്ഞു. സൗദി അറേബ്യയിലേക്കും ഇവിടെ നിന്നു ഹാർഡ് ബോർഡ് കയറ്റുമതി ചെയ്യുന്നുണ്ട്.

നുറുക്കിയ നിലയിലാണു നോട്ടുകൾ റിസർവ് ബാങ്കിന്റെ തിരുവനന്തപുരം മേഖലാ ഓഫിസിൽ നിന്നു കണ്ടെയ്നറുകളിൽ എത്തിക്കുന്നത്. ഇവ ആവിയിൽ നന്നായി പുഴുങ്ങി, ഡിഫൈബ്രേറ്ററിൽ അരച്ചെടുത്തു പൾപ്പാക്കും.

ഹാർഡ്ബോർഡിന്റെ പതിവു പൾപ്പിൽ ആറു ശതമാനം വരെയാണു നോട്ടുകൾ ചേർക്കുന്നത്. ദിവസവും രണ്ടു ടൺ നോട്ടുകൾ ഉപയോഗിക്കുന്നു. നോട്ടുകൾ ചേർത്ത ഹാർഡ് ബോർഡിനു തിളക്കവും ഉറപ്പും കൂടുതലാണെന്നും ചില വ്യാപാരികൾ പ്രീമിയം ബ്രാൻഡ് ആയാണു വിൽക്കുന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു. 


ഒരു ടൺ നോട്ടിന് 128 രൂപ
നിരോധിച്ച് രണ്ടാഴ്ചയ്ക്കകം തന്നെ നോട്ടുകൾ ‘വെസ്റ്റേൺ ഇന്ത്യ’യിൽ ഉപയോഗിച്ചു തുടങ്ങിയിരുന്നു. ടണ്ണിനു 128 രൂപയാണു റിസർവ് ബാങ്ക് നിശ്ചയിച്ച വില. കയറ്റുകൂലിയും കടത്താനുള്ള ചെലവും വഹിക്കുന്നതു പ്ലൈവുഡ്സ് തന്നെ. നോട്ടുകൾ കത്തിച്ചു കളയാനാണ് ആദ്യം റിസർവ് ബാങ്ക് ആലോചിച്ചതെങ്കിലും പരിസ്ഥിതി പ്രശ്നം പരിഗണിച്ച് തീരുമാനം മാറ്റുകയും വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് അധികൃതരെ സമീപിക്കുകയുമായിരുന്നു.

No comments

Powered by Blogger.