കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹൃദ്രോഗിയായ തടവുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ അന്വേഷണം


കണ്ണൂര്‍: ഹൃദ്രോഗിയായ തടവുകാരന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഈ മാസം 22ന് കണ്ണൂരില്‍ നടത്തുന്ന സിറ്റിംഗില്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹനദാസ് നിര്‍ദേശിച്ചു. ഒരു മാസത്തിനകം ജയില്‍ ഡിജിപിയോട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

മലപ്പുറം പൂക്കോട്ടുപാടം സ്വദേശി ഷറഫുദ്ദീനാണ് കഴിഞ്ഞ രണ്ടിന് ഉച്ചയ്ക്ക് 12ന് സെന്‍ട്രല്‍ ജയിലില്‍ കുഴഞ്ഞുവീണു മരിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുവരികയായിരുന്നു ഷറഫുദ്ദീന്‍. രണ്ടു വര്‍ഷം മുമ്പ് ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായ ഇയാളുടെ ചികിത്സാരേഖകള്‍ ബന്ധുക്കള്‍ ജയിലധികൃതര്‍ക്കും ഹൈക്കോടതിയിലും സമര്‍പ്പിച്ചിരുന്നു. ഷറഫുദ്ദീന് ചികിത്സ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ജയിലധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചോ ആറോ തവണ മാത്രമാണ് ഷറഫുദ്ദീനെ ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് സഹോദരന്‍ അബൂബക്കര്‍ സിദ്ദീഖ് മനുഷ്യാവകാശ കമ്മീഷനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഡോക്ടര്‍മാര്‍ ചെക്കപ്പ് നിര്‍ദേശിക്കുന്ന ദിവസം വാഹനമില്ലെന്നും എസ്‌കോര്‍ട്ട് ഇല്ലെന്നും പറഞ്ഞ് ജയിലധികൃതര്‍ ഒഴിഞ്ഞുമാറിയെന്നും കുഴഞ്ഞുവീണ ഷറഫുദ്ദീനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ജയിലധികൃതര്‍ തയാറായില്ലെന്നും മുക്കാല്‍ മണിക്കൂറോളം ഒരു പരിചരണവും ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. സഹതടവുകാര്‍ ബഹളംവച്ചപ്പോള്‍ മാത്രമാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്നും ആശുപത്രിയിലെത്തുന്പോഴേക്കും ഷറഫുദ്ദീന്‍ മരിച്ചിരുന്നുവെന്നും പരാതിയിലുണ്ട്.

വൃദ്ധയായ മാതാവും ഭാര്യയും നാല് പിഞ്ചുകുട്ടികളുമാണ് ഷറഫുദ്ദീനുള്ളത്. സംഭവം സത്യമാണെങ്കില്‍ നഗ്‌നമായ മനുഷ്യാവകാശ ലംഘനമാണ് ജയിലില്‍ നടന്നതെന്ന് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. ചികിത്സ ഉറപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് പോലും ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
 

No comments

Powered by Blogger.