സൗദി രാജകുമാരന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു


സൗദി അറേബ്യന്‍ രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടു. അസീര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറാണ് കൊല്ലപ്പെട്ട രാജകുമാരന്‍. ഞായറാഴ്ച സൗദിയുടെ തെക്കുഭാഗത്ത് യമന്‍ അതിര്‍ത്തിയിലാണ് ഇദ്ദേഹം സഞ്ചരിക്കുകയായിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. കൂടെയുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹെലികോപ്റ്റര്‍ തകരാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമല്ല. അല്‍ അറബിയ്യ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്.സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്നയാളാണ് മുഖ് രിന്‍ രാജകുമാരന്‍. അപകടം നടന്ന സ്ഥലത്തേക്ക് രക്ഷാ പ്രവര്‍ത്തകരെത്തി മൃതദേഹാവശിഷ്ടങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സൗദി സഖ്യം യമനിലെ ഹൂത്തി വിമതര്‍ക്കെതിരായി ശക്തമായ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനു തൊട്ടുപിന്നാലെയാണ് രാജകുമാരന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടത്. ശനിയാഴ്ച സൗദി തലസ്ഥാനമായ റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ഹൂത്തി വിമതര്‍ നടത്തിയ മിസൈലാക്രമണത്തിന് പ്രതികാരമായിട്ടായിരുന്നു സൗദി സഖ്യം യമന്‍ തലസ്ഥാനമായ സനയ്ക്കു നേരെ 29 വ്യോമാക്രമണങ്ങള്‍ നടത്തിയത്. സൗദി ആക്രമണത്തില്‍ സനയിലെ നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങളും മറ്റും തകര്‍ന്നു.
സൗദിയിലാവട്ടെ, അഴിമതിയുടെ പേരില്‍ മുതിര്‍ന്ന രാജകുമാരന്‍മാരും മന്ത്രിമാരും മുന്‍മന്ത്രിമാരുമുള്‍പ്പെടെ തടവില്‍ കഴിയുകയുമാണ്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ കമ്മിറ്റിയാണ് നടപടിക്കു പിന്നില്‍. അധികാരമുറപ്പിക്കാനുള്ള സൗദി രാജകുമാരന്റെ തന്ത്രമാണോ മുതിര്‍ന്ന നേതാക്കളുടെ അറസ്റ്റിനു പിന്നില്‍ എന്ന സംശയവും ഉയര്‍ന്നു വന്നിരുന്നു. ഇതിനിടെയാണ് രാജകുമാരന്റെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

No comments

Powered by Blogger.