എടികെയെ പൂട്ടാന്‍ കിടിലന്‍ തന്ത്രങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍

ഐഎസ്എല്‍ നാലാം പതിപ്പിന്റെ ഉദ്ഘാന മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സും-അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നാളെ രാത്രി എട്ടിനാണ് ബ്ലാസ്‌റ്റേഴ്‌സ്-എ.ടി.കെ പോരാട്ടം. ഇരുടീമുകളും അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. എ.ടി.കെയുടെ ശക്തമായ പ്രതിരോധമതില്‍ തുളച്ചു അകത്തുകടക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന്‍ റെനി മ്യൂലെന്‍സ്റ്റീന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
തന്റെ സ്വാഭാവിക പരിശീലന രീതി തന്നെയായിരിക്കും ബ്ലാസറ്റേഴ്സിലും പുറെത്തടുക്കുകയെന്നും പറഞ്ഞ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്വന്തം 'റെനിച്ചായന്‍' ആവശ്യമില്ലാതെ പന്ത് തൊട്ടു തലോടി കൈവശം വെച്ചുകൊണ്ടിരിക്കാതെ ചടുലമായ നീക്കങ്ങളും പാസുകളും വഴി എതിര്‍ നിരയില്‍ വിടവ് സൃഷ്ടിച്ചു ഗോളടിക്കുന്ന തന്ത്രം ആയിരിക്കും എടികെയ്‌ക്കെതിരേ നടത്തുകയെന്നും വ്യക്തമാക്കി.

'ഞാന്‍ എപ്പോഴും കളിക്കാരോട് പറയാറുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട കളിക്കാരനെ നോക്കിവെക്കുക. അവരുടെ ക്ലിപ്പിങ്ങ് കണ്ടു അവര്‍ എന്താണ് ചെയ്യുന്നതെന്നു മനസിലാക്കി വെക്കുക. അതേപോലെ മികച്ച കളിക്കാരെ വിലയിരുത്തുക. അനാവാശ്യമായ ടച്ചുകള്‍ ഒഴിവാക്കിയാകും അവരുടെ കളി. അങ്ങനെ ചെയ്താല്‍ കളിയുടെ താളം നഷ്ടപ്പെടുന്നതും വേഗത കുറയുന്നതും ഒഴിവാക്കാനാകും. '- മ്യൂലന്‍സ്റ്റീന്‍ പറഞ്ഞു.
രണ്ടു തവണ ചാമ്പ്യന്മാരായ എ.ടി.കെ യ്ക്കെതിരെ നടന്ന എട്ട് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിനു ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളു. മൂന്നു വര്‍ഷം മുന്‍പായിരുന്നു മഞ്ഞപ്പടയുടെ 2-1 ജയം. ഈ വിജയത്തില്‍ നേടിയ ഒരുഗോള്‍ ഈ സീസണില്‍ ടീമില്‍ തിരിച്ചെത്തിയ ഇയാന്‍ ഹ്യൂമിന്റേതായിരുന്നു. അതേസമയം, കഴിഞ്ഞ മൂന്നു സീസണുകളില്‍ ആദ്യ എവേ മത്സരങ്ങളില്‍ ഒന്നുപോലും എ.ടി.കെ തോറ്റിട്ടില്ല. ബ്ലാസറ്റേഴ്സിനെ രണ്ട് ഫൈനലുകളില്‍ തോല്‍പ്പിച്ചതിനു പുറമെ 11 ഗോളുകളും ബ്ലാസറ്റേഴ്സിനെതിരെ എ.ടി.കെനേടിയിട്ടുണ്ട്. കളിയിലെ കണക്കുകള്‍ ആതിഥേയര്‍ക്കെതിരാണെങ്കിലും അതൊന്നും മത്സരത്തിനെ ബാധിക്കില്ലെന്ന് റെനി മ്യൂലെന്‍സ്റ്റീന്‍ പറഞ്ഞു.
സ്റ്റാര്‍ സ്ട്രക്കര്‍ റോബി കീന്‍ പരിക്കുമൂലം ബ്ലാസ്റ്റേഴ്സിനെതിരെ അത്‌ലറ്റിക്കോ നിരയിലുണ്ടാകില്ലെന്ന് എ.ടി.കെ കോച്ച് ടെഡി ഷെറിങ്ഹാം പറഞ്ഞു. ഇന്ത്യന്‍ താരങ്ങളായ റോബിന്‍ സിംഗ്, മധ്യനിരയില്‍ യൂജിന്‍സണ്‍ ലിങ്ദോ ,ജയേഷ് റാണ തുടങ്ങിയ നിരവധി കളിക്കാരിലാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'പ്രതിരോധ ഗെയിമില്‍ ഞങ്ങള്‍ കഠിനാധ്വാം നടത്തുന്നു. ഇനി മുന്നോട്ട് പോകണം. നാളത്തെ മത്സരത്തില്‍ ജയിക്കണം ' അദ്ദേഹം പറഞ്ഞു.

No comments

Powered by Blogger.