കണ്ണൂർ: തെരുവ് പട്ടി കടിച്ച തങ്കപ്പന്റെ പത്തുവർഷത്തെ പോരാട്ടം: പഞ്ചായത്തിന്റെ ജീപ്പ് ജപ്തിചെയ്യാനുത്തരവ്കണ്ണൂർ: തെരുവ്പട്ടിയുടെ കടിയേറ്റയാള്‍ക്കുള്ള നഷ്ടപരിഹാരം ഈടാക്കാന്‍ പഞ്ചായത്തിന്റെ വാഹനം ജപ്തിചെയ്യാന്‍ കോടതിയുത്തരവ്. 2007 സെപ്തംബര്‍ 23 നായിരുന്നു സംഭവം. ഏരുവേശി പൂപ്പറമ്പിലെ ഒലിവെട്ടിക്കല്‍ തങ്കപ്പനെ പൂപ്പറമ്പ് ടൗണില്‍വെച്ച് തെരുവ്പട്ടി കടിച്ച സംഭവത്തിലാണ് നഷ്ടപരിഹാരം ഈടാക്കാന്‍ തളിപ്പറമ്പ് മുന്‍സിഫ് കോടതി ഉത്തരവിട്ടത്.

പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 59 എം 1218 ബൊലോറോ വാഹനം ജപ്തി ചെയ്യാനാണ് കോടതി നടപടി ആരംഭിച്ചത്. പഞ്ചായത്തിലെ നികുതിദായകനായ തങ്കപ്പന്‍ പൂപ്പറമ്പിലെ പൊതുറോഡിലൂടെ കടന്നുപോകുമ്പോഴായിരുന്നു തെരുവ്പട്ടി കടിച്ചത്.

വൈകീട്ട് പതിവു പോലെ പൂപ്പറമ്പിലെ വായനശാലയിലേക്ക് പോകവേയാണ് ആളുകൾ നോക്കി നിൽക്കേ തങ്കപ്പന്റെ നേരെ തെരുവുനായ ചാടിയെത്തിയത്. കുതറിമാറാൻ ശ്രമിച്ചെങ്കിലും നായ തുരുതുരാ തങ്കപ്പനെ കടിച്ചു കീറി. രക്തമൊലിച്ച് അവശനായ തങ്കപ്പനെ നാട്ടുകാർ തളിപ്പറമ്പ് ഗവൺമെന്റ് ആശുപത്രിയിലെത്തിച്ചു. ദിവസങ്ങൾ ആശുപത്രിയിൽ കഴിഞ്ഞ തങ്കപ്പന് ഒന്നര മാസക്കാലം ജോലിക്കു പോകാനുമായില്ല.

ചികിത്സയിലിരിക്കെത്തന്നെ, പഞ്ചായത്തിൽ തെരുവു നായ്ക്കളെ നിർമ്മാർജ്ജനം ചെയ്യാൻ എന്തൊക്കെ നടപടിയെടുത്തുവെന്ന് വിവരാവകാശ നിയമപ്രകാരം തങ്കൻ അന്വേഷി്ച്ചു. എന്നാൽ വളരെ ലാഘവത്തോടുകൂടി പഞ്ചായത്തിൽ നിന്നും ലഭിച്ച മറുപടി ഒരു നടപടിയും സ്വീകരിച്ചില്ല എന്നായിരുന്നു.

പട്ടികടിയേറ്റ് ടാപ്പിങ് ജോലിയും തേനീച്ച വളർത്തലും മുടങ്ങിയതോടെ ഭാര്യയടക്കമുള്ള കുടുംബത്തിന്റെ വരുമാനവും നിലച്ചു. തന്നെ നായ കടിക്കാനിടയായ സാഹചര്യം വിശദീകരിച്ചും ചികിത്സാച്ചെലവിനു വേണ്ടിയും ഏരുവേശി പഞ്ചായത്ത് സെക്രട്ടറിക്ക് തങ്കപ്പൻ നോട്ടീസയച്ചു.

എന്നാൽ സെക്രട്ടറിയുടെ മറുപടി ഇങ്ങനെ: താങ്കളുടെ പരാതി സംബന്ധിച്ച് എനിക്കൊന്നും മനസ്സിലാകുന്നില്ല. മനസ്സിലാക്കിക്കൊടുക്കാമെന്ന് തങ്കപ്പനും ഉറച്ചു. തളിപ്പറമ്പിലെ അഡ്വ. സജി സക്കറിയാസ് മുഖേന പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസയച്ചു. അതിനു മറുപടി പോലും ഇല്ല. അതോടെ തങ്കപ്പൻ പഞ്ചായത്തിന്റെ നിലപാടിനെതിരെ കൂടുതൽ സജീവമാവുകയായിരുന്നു.

കേസ് തളിപ്പറമ്പ് മുൻസിഫ് കോടതിയിലെത്തി. അഞ്ചു വർഷത്തിനു ശേഷം 2012 ൽ കോടതി 14,750 രൂപ നഷ്ടപരിഹാരം നൽകാൻ പഞ്ചായത്തിനോട് ഉത്തരവിട്ടു. എന്നാൽ പഞ്ചായത്ത് അധികാരി ഉത്തരവ് നടപ്പാക്കാൻ തയ്യാറായില്ല. അവർ മേൽക്കോടതിയിൽ അപ്പീലുമായി പോയി.

30,200 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാ തങ്കപ്പന്‍ തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹരജിയില്‍ 2011 ലാണ് നഷ്ടപരിഹാരം കൊടുക്കാന്‍ പഞ്ചായത്തിനോട് നിര്‍ദ്ദേശിച്ച് വിധിയായത്.

പഞ്ചായത്ത് അധികൃതര്‍ അലഞ്ഞുതിരിയുന്ന നായ്ക്കളെ വന്ധ്യംകരണം നടത്താനായി യാതൊന്നും ചെയ്തിട്ടില്ലെന്ന കണ്ടെത്തലോടെയാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. തെരുവ് പട്ടിയുടെ ആക്രമത്തില്‍ പൗരന് നഷ്ടപരിഹാരം നല്‍കാനുള്ള കേരളത്തിലെ ആദ്യകോടതിവിധിക്കെതിരെ പഞ്ചായത്ത് അപ്പീല്‍കോടതികളെ സമീപിച്ചു.

എന്നാല്‍ പഞ്ചായത്ത് ബോധിപ്പിച്ച അപ്പീല്‍ കോടതികള്‍ ചെലവടക്കം തള്ളുകയായിരുന്നു. പലിശയടക്കം നല്‍കുന്നതിനാണ് പയ്യന്നൂര്‍ സബ്‌കോടതി വിധിയുണ്ടായത്. അപ്പീല്‍ കോടതി വിധിച്ചിട്ടും കോടതിവിധി മാനിക്കാത്ത പഞ്ചായത്തിന്റെ വാഹനം ജ്പതിചെയ്ത് ലേലം ചെയ്യാനാണ് പരാതിക്കാരനായ തങ്കപ്പന്‍ തളിപ്പറമ്പ് ബാറിലെ അഭിഭാഷകനായ സജി സക്കറിയാസ് മുഖേന നിയമനടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

No comments

Powered by Blogger.