ദിലീപിനെതിരായ കുറ്റപത്രം; മഞ്ജു വാര്യര്‍ പ്രധാന സാക്ഷി

കൊച്ചി:  നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് കുറ്റപത്രം ഉച്ചക്കു മുമ്പുതന്നെ സമര്‍പ്പിക്കുമെന്നാണു വിവരം.
ദിലീപിനെതിരേ പ്രധാന സാക്ഷിയായി കുറ്റപത്രത്തില്‍ പോലീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത് മുന്‍ ഭാര്യ മഞ്ജു വാര്യരെയാണ്. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. 650 പേജുള്ള കുറ്റപത്രത്തില്‍ നടിയെ ആക്രമിച്ച ക്വട്ടേഷന്‍ ദിലീപിന് വേണ്ടിയാണെന്ന് സ്ഥാപിക്കുന്നുണ്ട്. മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറിലേറെ രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിക്കും. ഇതില്‍ 50 സാക്ഷികള്‍ സിനിമ മേഖലയില്‍ നിന്നാണ്. വിപിന്‍ലാല്‍ പോലീസുകാരന്‍ അനീഷ് എന്നിവരെ അന്വേഷണ സംഘം മാപ്പുസാക്ഷികളാക്കും.
ആകെ 11 പേരെ പ്രതികളാക്കിയാണു പോലീസ് കുറ്റപത്രം നല്‍കുന്നത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. ഗൂഢാലോചനയില്‍ പള്‍സര്‍ സുനിയും ദിലീപും മാത്രമാണു പങ്കെടുത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നതായാണു വിവരം. നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ ആദ്യ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ അനുബന്ധ കുറ്റപത്രമാണ് നല്‍കുന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന് വേണ്ടി മറ്റ് ചിലര്‍ ശ്രമിച്ച കാര്യം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുമെന്നാണു സൂചന.നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും നിയമോപദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇതില്‍നിന്നും അന്വേഷണ സംഘം പിന്തിരിയുകയായിരുന്നു. അതിനിടെ, ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുമെന്നാണു സൂചന. കേസിലെ സാക്ഷികളെ ദിലീപ് നേരിട്ടോ പരോക്ഷമായോ സ്വാധീനിച്ചു മൊഴി മാറ്റിക്കുന്നതായി ആരോപിച്ചാണു പ്രോസിക്യൂഷന്‍ നീക്കം.

No comments

Powered by Blogger.