സംഘര്‍ഷമേഖലയില്‍ സംഗീത സദസ്സുകളൊരുക്കാന്‍ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം


തലശ്ശേരി: നാടിന്റെ വിവിധ മേഖലകളില്‍ കലാപക്കൊടിയുയരുമ്പോള്‍ കലയെ കൂട്ടുപിടിച്ച് സമാധാനാന്തരീക്ഷമൊരുക്കാന്‍ പോലീസിന്റെ പദ്ധതി. തലശ്ശേരി ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാമിന്റെ ആശയമാണ് ജില്ലയിലെ സമാധാനപ്രേമികളുടെ കൂട്ടായ്മയില്‍ പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. ഗാന്ധിയന്‍ പ്രവര്‍ത്തകര്‍, വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരുടെ കൂട്ടായ്മയിലാണ് സംഗീതത്തിന്റെ വഴിയില്‍ സുമനസ്സുകളെ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്.
മ്യൂസിക് ഫോര്‍ പീസ് എന്ന പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. പ്രശ്‌നബാധിത മേഖലകളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചും ഗൃഹസന്ദര്‍ശനം നടത്തിയുമൊക്കെ സമാധാനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ തലശ്ശേരി താലൂക്കിലാണ് പദ്ധതി നടപ്പിലാക്കുക. ജനമൈത്രി പോലീസിന്റെ പൂര്‍ണ്ണമായ സഹകരണത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. ഇതിന് മുന്നോടിയായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ യോഗം വിളിച്ചുചേര്‍ത്ത് കഴിഞ്ഞു.
സംഗീതപരിപാടികള്‍, നാടകം, സ്‌കിറ്റ്, ഫ്‌ളാഷ് മോബ് തുടങ്ങിയവയാണ് അവതരിപ്പിക്കുക. കൂടാതെ സ്‌ക്വാഡുകളായി തിരിഞ്ഞ് വീടുകളില്‍ സന്ദര്‍ശനം നടത്തി ലഘുലേഖ വിതരണവും നടത്തും. ജനങ്ങളുടെ മനസ്സില്‍ നിന്നും ഭയവും ആശങ്കകളും അകറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഗൃഹസന്ദര്‍ശനം നടത്തുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും സാമൂഹ്യപ്രവര്‍ത്തകരെയും അണിനിരത്തി സമാധാന സന്ദേശയാത്രകള്‍ നടത്താനും ആലോചനയുണ്ട്.
തലശ്ശേരി ഡി വൈ എസ് പി ഓഫീസില്‍ കഴിഞ്ഞ ദിവസം സാമൂഹ്യ-സന്നദ്ധ പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്ന് പദ്ധതിക്ക് രൂപംനല്‍കി. ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാമിനെ കൂടാതെ ജനമൈത്രി പോലീസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. ഫാ സ്‌കറിയ കല്ലൂര്‍ (പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസ്), സജീവ് മാണിയത്ത്, ടി പി ആര്‍ നാഥ് (മദ്യനിരോധന സമിതി), ജയന്‍ പരമേശ്വരന്‍ (കല), കെ വി പ്രദീപ് (യുവജനക്ഷേമ ബോര്‍ഡ് യൂത്ത് കോര്‍ഡിനേറ്റര്‍), പി ഷറഫുദ്ദീന്‍ (വിവരാവകാശ പ്രവര്‍ത്തകന്‍), ഷംറീസ് ബക്കര്‍ (അത്താഴക്കൂട്ടം), പ്രദീപന്‍ തൈക്കണ്ടി (വേങ്ങാട് സാന്ത്വനം), സി എന്‍ മുരളി (സദസ്സ്), കെ എന്‍ പ്രസാദ്, നൗഫല്‍, ജവാദ്, പി പി ചിന്നന്‍ (വ്യാപാരികള്‍), എം അജയകുമാര്‍, വി കെ ശിവദാസ്, കെ പി ബാലന്‍ (ലയണ്‍സ് ക്ലബ്ബ്), ശശികുമാര്‍ കല്ലിടുമ്പില്‍, സി പി ആലുപ്പിക്കേയി (അഗ്രി ഹോര്‍ട്ടി സൊസൈറ്റി), എം ജിതീഷ്, രാഹുല്‍ പ്രഭാകരന്‍, പി വിജീഷ്, പി വി നിഷാദ്, സി സി ബസന്ത് (ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍), മേജര്‍ പി ഗോവിന്ദന്‍ (ബ്രക്‌സ എന്‍ സി സി), പി പി ഷാജി (വൈസ്‌മെന്‍സ് ക്ലബ്ബ്), അശോകന്‍ ബാലേരി, കെ വിജയന്‍, ദിലീപ് കുമാര്‍, ജനമൈത്രി പോലീസ് സി ആര്‍ ഒ മാരായ ബിന്ദുരാജ്, കെ രാജേഷ്, കെ.ശ്രീനിവാസന്‍, നജീബ്, കെ ബാബു, പ്രദീപന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

No comments

Powered by Blogger.