ഡിവൈഎസ്പിയുടെ വാഹനം അടിച്ചുതകര്‍ത്ത സി പി എം പ്രവര്‍ത്തകര്‍ക്ക് തടവ്

കണ്ണൂര്‍: കണ്ണൂര്‍ ഡി വൈ എസ് പി പി സുകുമാരന്‍ സഞ്ചരിച്ച ടാറ്റ സുമോ അടിച്ചുതകര്‍ത്ത കേസില്‍ 11 സി പി എം പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചു.
ആച്ചി റാഷിദ് (വളപട്ടണം), പ്രസില്‍ (അഴീക്കോട്), റമില്‍ (പാപ്പിനിശ്ശേരി), ഷാജു (കണ്ണൂര്‍ ടൗണ്‍), മുരളി (എടക്കാട്), രാജീവന്‍ (കണ്ണൂര്‍ ടൗണ്‍), ഫായിസ് (വളപട്ടണം), വിനില്‍ ലക്ഷ്മണന്‍ (ആന്തൂര്‍), രാജേഷ് (അഴീക്കോട്), കൃപേഷ് ഷിഷില്‍ (അഴീക്കോട്) എന്നിവരെയാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് എം സി ആന്റണി 9 മാസം വീതം തടവിന് ശിക്ഷിച്ചത്.
ഡി വൈ എസ് പിയുടെ ഡ്രൈവര്‍ പി കെ സന്തോഷ് നല്‍കിയ പരാതിയിലാണ് ടൗണ്‍ പോലീസ് കേസെടുത്തത്. 2012 ആഗസ്ത് ഒന്നിന് ഉച്ചയോടെ കണ്ണൂര്‍ പാമ്പന്‍ മാധവന്‍ റോഡില്‍വെച്ചാണ് ഡി വൈ എസ് പി സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമമുണ്ടായത്. കണ്ടാലറിയുന്ന 50 ഓളം സി പി എം പ്രവര്‍ത്തകരുടെ പേരിലാണ് പോലീസ് കേസ് എടുത്തത്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ശുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനെ കോടതി റിമാന്റ് ചെയ്തതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ച് തിരിച്ചുവരികവെയാണ് ഡി വൈ എസ് പിയുടെ വാഹനം തടഞ്ഞുനിര്‍ത്തി അക്രമം നടത്തിയത്. ഈ കേസില്‍ 13 സാക്ഷികളെയാണ് വിസ്തരിച്ചത്.
ക്ഷേത്രങ്ങളില്‍ മോഷണം: രണ്ടുപേര്‍ക്ക് തടവും പിഴയും
തലശ്ശേരി: ക്ഷേത്രങ്ങളില്‍ അതിക്രമിച്ച് കടന്ന് നിലവിളക്കുകയും ഭണ്ഡാരങ്ങളിലെ പണവും മോഷ്ടിച്ചു എന്ന കേസില്‍ രണ്ട് യുവാക്കളെ വിവിധ വകുപ്പുകള്‍ പ്രകാരം 5 വര്‍ഷം കഠിന തടവിനും പതിനായിരം രൂപ വീതം പിഴയടക്കാനും തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു. തലശ്ശേരി കാവുംഭാഗം സ്വദേശികളായ പി ഷാനിത്ത് (32), മുറവിന്‍ റോച്ച (35) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടാഴ്ച കൂടുതല്‍ തടവ് അനുഭവിക്കണം.
മൂന്ന് മാസം മുമ്പ് കാവുംഭാഗത്തെ പനോളിക്കാവ് ക്ഷേത്രം, മഞ്ഞളാമ്പുറം ക്ഷേത്രം, കോലാരിദേവി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും നിലവിളക്കും മറ്റും മോഷണം നടത്തി പോകുമ്പോള്‍ സംശയം തോന്നിയ ദേശവാസികളാണ് ഇവരെ പിടികൂടി പോലീസിന് കൈമാറിയത്. പിന്നീട് റിമാന്റില്‍ കഴിയുകയായിരുന്ന പ്രതികള്‍ക്കെതിരെ തലശ്ശേരി എസ് ഐ അനില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ കോടതി കേസ് വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കുകയാണുണ്ടായത്.
കൂത്തുപറമ്പില്‍ വീണ്ടും ബോംബേറ്
കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത് കോട്ടയംപൊയില്‍ കോലാവില്‍ ബോംബേറ്. ഇന്ന് പുലര്‍ച്ചെ 1.30നാണ് രണ്ടംഗസംഘം ബോംബെറിഞ്ഞ് ഭീതിപരത്തിയത്. ബോംബേറില്‍ കോലാവില്‍ ജംഗ്ഷനിലുണ്ടായിരുന്ന ആര്‍ എസ് എസിന്റെ കാവി പതാകയും ഫ്‌ളക്‌സ്‌ബോര്‍ഡും നശിച്ചിട്ടുണ്ട്. കതിരൂര്‍ പോലീസ് സ്ഥലത്തെത്തി ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സി പി എമ്മാണെന്ന് ബി ജെ പി ആരോപിച്ചു.

No comments

Powered by Blogger.