ക്ഷേത്ര ഭണ്ഡാരം കവർച്ച:മോഷ്ടാവിനെ കയ്യോടെ പിടികൂടി

പരിയാരം∙ ക്ഷേത്ര ഭണ്ഡാരം പിഴുതെടുത്തു പണം കവർന്ന മോഷ്ടാവിനെ പൊലീസ് കയ്യോടെ പിടികൂടി. കാസർകോട് ബളാല്‍ സ്വദേശിയും കടന്നപ്പള്ളി ചെറുവിച്ചേരിയിലെ ഭാര്യവീട്ടില്‍ താമസക്കാരനുമായ അത്തിക്കടവ് ഹരീഷ്‌ കുമാറിനെയാണ് (44) പരിയാരം പൊലീസ് അറസ്റ്റു ചെയ്തത്. കൈതപ്രം തൃക്കുറ്റ്യേരി ശിവക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്.

രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരി ഭണ്ഡാരം കാണാതായതിനെ തുടര്‍ന്നു ഭാരവാഹികളെ വിവരമറിയിച്ചു. പൊലീസ് എത്തി പരിശോധന നടത്തുന്നതിനിടയിൽ തൊട്ടടുത്ത പറമ്പില്‍ ഭണ്ഡാരം പൊളിച്ച നിലയില്‍ കണ്ടെത്തി. ഈ സമയം സമീപത്തെ കടയില്‍ ഇരിക്കുകയായിരുന്നു ഹരീഷ്‌കുമാർ. എസ്ഐക്ക് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്.
നേരത്തേ, ബളാലിലും ഭീമനടിയിലും നടന്ന നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയായ ഹരീഷിനെ പൊലീസിനു മുഖപരിചയം തോന്നിയതാണ് കേസിന് തുമ്പുണ്ടാക്കിയത്. ഇയാളിൽനിന്നു പത്തിന്റെയും ഇരുപതിന്റെയും നോട്ടുകള്‍ കൂടുതലായി കിട്ടിയതും സംശയത്തിനിടയാക്കി. നോട്ടുകൾ എവിടെനിന്നു കിട്ടിയതാണെന്നു ചോദിച്ചപ്പോള്‍ പണിയെടുത്ത സ്ഥലത്തുനിന്നെന്നായിരുന്നു മറുപടി.
പണം നൽകിയയാളെ പൊലീസ് ബന്ധപ്പെട്ടപ്പോള്‍ 2000 രൂപയുടെ ഒറ്റനോട്ടാണു കൊടുത്തതെന്ന് വ്യക്തമായി. കള്ളി വെളിച്ചത്തായതോടെ ഹരീഷ്‌കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണം നടത്തിയത് താന്‍ തന്നെയാണെന്നു ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. ഇയാളുടെ ചെറുവിച്ചേരിയിലെ വീട്ടിലും പൊലീസ് പരിശോധന നടത്തി.

No comments

Powered by Blogger.