രഞ്ജി ട്രോഫി: ഹരിയാനയ്ക്കെതിരെ ഇന്നിംഗ്സ് ജയം; കേരളം നോക്കൗട്ട് റൗണ്ടില്‍

റോത്തക്: വര്‍ഷങ്ങളുടെ കാത്തിരിപ്പ് സഫലമായി. കേരള ക്രിക്കറ്റിന് ഇത് അഭിമാന നിമിഷം. രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളം ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഹരിയാനയെ ഇന്നിങ്സിനും എട്ട് റണ്‍സിനും തകര്‍ത്താണ് കേരളം ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടിയത്. 

അനന്തപത്മനാഭനും ശ്രീകുമാരന്‍ നായരും സുനില്‍ ഒയാസിസും ശ്രീശാന്തും ഒക്കെ തെളിച്ച വഴിയില്‍ സഞ്ജുവും ബാസില്‍ തമ്പിയും സച്ചിന്‍ ബേബിയും അടങ്ങുന്ന ചുണക്കുട്ടികള്‍ക്കൊപ്പം മാച്ച് വിന്നറായ ജലജ് സക്‌സേനയുടെ വരവുമാണ് കേരളത്തെ ഒരു ടീമായി ഈ ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാക്കിയത്. ആറ് കളികളില്‍ നിന്ന് 31 പോയിന്റുമായാണ് കേരളം വര്‍ഷങ്ങളായുള്ള ക്വാര്‍ട്ടര്‍ സ്വപ്‌നം നേടിയെടുത്തത്‌.
ഹരിയാണയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ 181 റണ്‍സ് ലീഡുപിടിക്കാനായതാണ് കേരളത്തിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. അതില്‍ തന്നെ നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ബൗളര്‍ ബേസില്‍ തമ്പിയുടെ മിന്നല്‍ വേഗത്തിലുള്ള 60 റണ്‍സും നിര്‍ണായകമായി. രണ്ടാം ഇന്നിങ്‌സില്‍ 56 റണ്‍സ് എടുക്കുന്നതിനിടയില്‍ തന്നെ ഹരിയാനയുടെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ പിഴുത് മൂന്നാം ദിനം തന്നെ വിജയതീരത്ത് കേരളം എത്തി.
അവസാന ദിനമായ ഇന്ന് കേരളം രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്യേണ്ടി വരുമോ എന്നത് മാത്രമായിരുന്നു ശേഷിച്ച ആകാംക്ഷ. സ്‌കോര്‍: ഹരിയാണ ഒന്നാം ഇന്നിങ്‌സ് 208, രണ്ടാം ഇന്നിങ്‌സ് 173. കേരള ഒന്നാം ഇന്നിങ്‌സ് 389.
ഒന്നോ രണ്ടോ പ്രതിഭകളെ ആശ്രയിച്ചിരുന്നിടത്ത് നിന്ന് ഒരു ടീമായി ഓരോ കളിക്കാരനും തങ്ങളുടെ സംഭാവനകള്‍ നല്‍കിയാണ് കേരളത്തെ ക്വാര്‍ട്ടറിലെത്തിച്ചത്. ഈ സീസണില്‍ കളിച്ച ആറ് കളികളില്‍ ഗുജറാത്തിനോട് മാത്രമാണ് കേരളം പരാജയപ്പെട്ടത്.
പ്ലേറ്റ്-എലൈറ്റ് അടിസ്ഥാനത്തില്‍ മത്സരം നടന്ന 2007-08 സീസണില്‍ എലൈറ്റിലേക്ക് കടന്നതാണ് സമീപകാലത്ത് കേരളത്തിന്റെ ഏറ്റവും വലിയ നേട്ടമായുണ്ടായിരുന്നത്. ഇക്കുറി നാലു ഗ്രൂപ്പുകളായിട്ടായിരുന്നു മത്സരം. ഏഴ് ടീമുകളടങ്ങിയ ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതമാണ് ക്വാര്‍ട്ടറിലെത്തുക. 
കേരളത്തിനായി മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച അതിഥി താരം ജലജ് സക്സേനയാണ് ക്വാര്‍ട്ടറിലേക്ക് കേരളത്തെ നയിച്ചത്. നിര്‍ണായകമായ രണ്ട് സെഞ്ച്വറികളുമായി സഞ്ജു സാംസണ്‍ ഫോം വീണ്ടെടുത്ത് കേരളത്തിന് ഒരു കളി അനുകൂലമാക്കി. കഴിഞ്ഞ സീസണിലെ ഫോം നിലനിര്‍ത്താനാകാതെ പോയ രോഹന്‍ പ്രേമും കൃത്യസമയത്ത് മികച്ച ഇന്നിങ്സുകളുമായി കേരളത്തെ രക്ഷിച്ചു. കേരളത്തിന്റെ പുതിയ കണ്ടുപിടുത്തമായ സിജോമോന്‍ ജോസഫിന്റെയും നിതേഷിന്റെയും വിക്കറ്റ് വേട്ടയും എടുത്തുപറയേണ്ടതാണ്. ഇതോടൊപ്പം തന്ത്രശാലിയായ പരിശീലകന്‍ ഡേവ് വാട് മോറിന്റെ കോച്ചായുള്ള വരവ് കൂടിയായപ്പോള്‍ കേരള ക്രിക്കറ്റ് അതുല്യനേട്ടം കൈവരിച്ചു

No comments

Powered by Blogger.