രണ്ട് റണ്‍സിന് എതിരാളികളെ ഓള്‍ഔട്ടാക്കി, രണ്ട് പന്തില്‍ കളിയും തീര്‍ത്തു; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഒരു മത്സരം


ബംഗളൂരു :ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന നിരവധി മത്സരങ്ങളെക്കുറിച്ച് നാം കേള്‍ക്കാറുണ്ട്. എന്നാല്‍ വെറും രണ്ട് റണ്‍സിന് എതിരാളികളെ ഓള്‍ ഔട്ടാക്കി വീണ്ടും അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ് ഒരു ക്രിക്കറ്റ് മത്സരം.

അണ്ടര്‍ 19 സൂപ്പര്‍ ലീഗില്‍ കേരള വനിതകളാണ് ഈ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ചത്. എതിരാളികളായ നാഗാലാന്‍ഡിനെ വെറും രണ്ട് റണ്‍സിന് ഓള്‍ ഔട്ടാക്കുകയായിരുന്നു കേരള വനിതകള്‍. മറുപടിയായി വെറും രണ്ട് പന്തില്‍ അഞ്ച് റണ്‍സും അടിച്ചു. ലോകത്ത് തന്നെ ഇത്ര വേഗത്തില്‍ ചേസ് ചെയ്ത് കളി തീര്‍ത്ത മറ്റൊരു മത്സരമുണ്ടോ എന്ന കാര്യം ഉറപ്പില്ല. നാലോവറില്‍ റണ്‍സൊന്നും വഴങ്ങാതെ നാല് വിക്കറ്റ് വീഴ്ത്തിയ മിന്നുമണിയാണ് കേരളത്തിന്റെ താരമായത്

ഏഴ് ഓവറുകള്‍ പന്തെറിഞ്ഞ കേരള വനിതകള്‍ ആകെ വിട്ടുകൊടുത്തത് രണ്ട് റണ്‍സ് മാത്രമാണ്. 18 പന്തുകള്‍ നേരിട്ട് 1 റണ്‍സെടുത്ത ഓപ്പണര്‍ മേനകയാണ് നാഗാലാന്‍ഡിന്റെ ടോപ് സ്‌കോറര്‍. ബാക്കിയുള്ള ഒരു റണ്‍സ് എക്‌സ്ട്രാ ഇനത്തിലാണ്. മേനകയ്ക്ക് പിന്നാലെ ഇറങ്ങിയ പത്ത് പേരും പൂജ്യവതികളാണ് എന്ന കാര്യം എടുത്തുപറയേണ്ടതില്ലല്ലോ. 17 ഓവറില്‍ 2 റണ്‍സിന് ഓള്‍ ഔട്ട്. ഇതാണ് നാഗാലാന്‍ഡ് ഇന്നിംഗ്‌സ് സ്‌കോര്‍ ബോര്‍ഡ്.

ഗുണ്ടൂരിലെ ജെകെസി കോളജ് ഗ്രൗണ്ടിലായിരുന്നു കളി. രണ്ടാമത് ബാറ്റ് ചെയ്ത കേരളം രണ്ട് പന്തില്‍ അഞ്ച് റണ്‍സെടുത്ത് കളി തീര്‍ത്തു. ക്രിക്കറ്റിന്റെ ഏതൊരു ലെവലിലും ഏറ്റവും വേഗത്തില്‍ ചേസ് ചെയ്ത് കളി തീര്‍ക്കുന്നതിനുള്ള റെക്കോര്‍ഡും കേരളം സ്വന്തമാക്കി. അടുത്തിടെ നാഗാലാന്‍ഡ് വനിതകള്‍ ഒരു മത്സരത്തില്‍ 136 വൈഡുകള്‍ എറിഞ്ഞ് മറ്റൊരു റെക്കോര്‍ഡുമിട്ടിരുന്നു.

ഇംഗ്ലണ്ടിലെ ഓള്‍ഡ് ലോര്‍ഡ്‌സില്‍ 1810ല്‍ ദി ബിസിനെ ഓള്‍ ഇംഗ്ലണ്ട് ആറ് റണ്‍സിന് ഒതുക്കിയിരുന്നു. ഇതായിരുന്നു ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ചുരുങ്ങിയ സ്‌കോര്‍. എന്നാല്‍ പുതിയൊരു റെക്കോര്‍ഡാണ് കേരളം നാഗാലാന്‍ഡിന് നേടിക്കൊടുത്തിരിക്കുന്നത്.

No comments

Powered by Blogger.