യുവാവിന്റെ സ്നേഹസ്പര്‍ശത്തിലൂടെ പക്ഷിക്കുഞ്ഞിന് പുനര്‍ജന്മം, കാണാതായ കുഞ്ഞിനെ തേടി മൈലുകള്‍ താണ്ടി തളളപ്പക്ഷിയെത്തി

ചക്കരക്കല്‍ :
 യുവാവിന്റെ സ്നേഹസ്പര്‍ശത്തിലൂടെ പക്ഷിക്കുഞ്ഞിന് പുനര്‍ജന്മം,  കാണാതായ കുഞ്ഞിനെ തേടി മൈലുകള്‍ താണ്ടി
തള്ളപ്പക്ഷി തലോടലുമായി എത്തിയത് മാതൃസ്നേഹത്തിന്റെ പുത്തന്‍ ഉദാഹരണമായി. മുണ്ടേരിയിലെ മാവില വീട്ടില്‍ രഗിനേഷിന്റെ അവസരോചിത ഇടപെടലാണ് പക്ഷിക്കുഞ്ഞിന്  പുനര്‍ജന്മമേകിയത്.
രണ്ടു മാസം മുമ്പ് കനത്ത മഴയില്‍ കൂട് തകര്‍ന്നു നിലത്തു വീണതായിരുന്നു പക്ഷിക്കുഞ്ഞ്. വലിയന്നൂര്‍ നോര്‍ത്തില്‍ മഠപ്പുരക്കല്‍ വിപീഷിന്റെ വീട്ടുമുറ്റത്തായിരുന്നു പരിക്കേറ്റും നനഞ്ഞ് തണുത്ത നിലയിലും പക്ഷിയെ കണ്ടത്.
വനംവകുപ്പിലെ റെസ്ക്യൂ സ്പെഷ്യലിസ്റ്റായ രഗിനേഷ് പക്ഷിക്കുഞ്ഞിനെ എടുക്കുകയും വീട്ടില്‍ കൊണ്ടുപോയി ദിവസങ്ങളോളം  പരിചരിക്കുകയുമായിരുന്നു. ഇതിനിടെ കുഞ്ഞിക്കിളിയെ തേടി അമ്മക്കിളിയെത്തിയത് വീട്ടുകാരെ വിസ്മയത്തിലാക്കി.  വലിയന്നൂരില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരമുണ്ട് മുണ്ടേരിയിലെത്താന്‍.
ആദ്യമാദ്യം പേടിച്ചുനിന്ന തള്ളപ്പക്ഷി പിന്നീട് അടുത്തു വരാനും കുഞ്ഞിന് തീറ്റ കൊണ്ടു വരാനും  തുടങ്ങി. പരിക്ക് ഭേദമായ പക്ഷിക്കുഞ്ഞിനെ സ്വതന്ത്രമായി വിട്ടെങ്കിലും സ്നേഹം പങ്കിടാന്‍ ഇടവിട്ട ദിവസങ്ങളില്‍ രഗിനേഷിന്റെ വീട്ടില്‍ എത്തുകയാണ് അമ്മക്കിളിയും കുഞ്ഞിക്കിളിയും.

No comments

Powered by Blogger.