കഞ്ചാവ് വില്‍പ്പന, പുഴയില്‍ ചാടിയ 21കാരന്‍ പിടിയിൽ

കണ്ണൂര്‍: പുഴയില്‍ ചാടി രക്ഷപ്പെട്ട കഞ്ചാവ് വില്‍പ്പനക്കാരനെ പോലീസ് പിടികൂടി. തിമിരിയിലെ മേച്ചേരി മുണ്ടയില്‍ വിഷ്ണുവി(21)നെയാണ് ഇന്ന് കാലത്ത് പയ്യന്നൂര്‍ എസ് ഐ കെ പി ഷൈനും സംഘവും എടാട്ട് നിന്നും പിടികൂടിയത്. എടാട്ടെ വാടക ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധനക്കെത്തിയപ്പോള്‍ ഇന്നലെ വൈകീട്ട് പോലീസിനേയും നാട്ടുകാരേയും വെട്ടിച്ച് പുഴയില്‍ ചാടി രക്ഷപ്പെട്ട രണ്ടുപേരില്‍ ഒരാളാണ് വിഷ്ണു. അരക്കിലോ കഞ്ചാവുമായാണ് ഇയാളെ ഇന്ന് പിടികൂടിയത്.
പയ്യന്നൂര്‍ എടാട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കഞ്ചാവ് പൊതികള്‍ പോലീസ് കണ്ടെടുത്തിരുന്നു. പയ്യന്നൂരിലെയും പരിസര പ്രദേശങ്ങളിലേയും സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ഇവര്‍ കഞ്ചാവ് വില്‍ക്കുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. എടാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ വ്യാജമേല്‍വിലാസം നല്‍കി താമസിക്കുകയായിരുന്ന കഞ്ചാവ് വില്‍പ്പനക്കാര്‍ ഇന്നലെ വൈകീട്ടോടെ കെ എല്‍ 60 എ 4438 ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പോലീസ് പിന്തുടര്‍ന്നെത്തിയപ്പോഴേക്കും പെരുമ്പ പുഴയില്‍ ചാടി മാച്ചേരി ഭാഗത്തേക്ക് നീന്തി രക്ഷപ്പെട്ടു. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് കാലത്ത് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കഞ്ചാവ് എടുത്ത് രക്ഷപ്പെടുന്നതിനിടയിലാണ് പിടിയിലായത്. രണ്ടാമത്തെ പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്.

No comments

Powered by Blogger.