റേഷന്‍ വ്യാപാരികള്‍ക്ക് 16000 രൂപ വേതനം നല്‍കും: കെ കെ രാഗേഷ് എം പി


കണ്ണൂര്‍: റേഷന്‍ വ്യാപാരികള്‍ക്ക് 16000 രൂപ വേതനം നല്‍കാന്‍ അടുത്ത ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമാകുമെന്ന് കെ കെ രാഗേഷ് എം പി. മുഖ്യമന്ത്രി പ്രഖ്യാപിച്ച റേഷന്‍ വ്യാപാരികള്‍ക്കുള്ള വേതന പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് സമരം നടത്തുന്നതിന്റെ ഭാഗമായി സ്റ്റേഡിയം കോര്‍ണറില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റേഷന്‍ വ്യാപാരികള്‍ നടത്തുന്ന ഈ സമരം ആവശ്യമുള്ളത് തന്നെയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ മുമ്പില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ആറ് മാസം മുമ്പ് തന്നെ മുഖ്യമന്ത്രി റേഷന്‍ വ്യാപാരികള്‍ക്കുള്ള വേതന പാക്കേജ് അംഗീകരിച്ചതാണ്. എന്നാലിതുവരെയും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല എന്നത് പിഴവ് തന്നെയാണ്. അടിയന്തിരമായി പരിഹാരം കാണാന്‍ സര്‍ക്കാറിന് കഴിയണം. പാക്കേജ് നടപ്പിലാക്കുമ്പോള്‍ ബാധ്യതകളുണ്ടാവും. 40 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ വ്യാപാരികളുടെ പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാനത്തിന് നല്‍കുന്നുണ്ട്. ഈ പണം നല്‍കുമ്പോഴും സംസ്ഥാന സര്‍ക്കാറിന്റെ ബാധ്യത കുറയുന്നില്ല. പാക്കേജ് അനുസരിച്ച് ഇത്രയും കാലതാമസം എടുക്കേണ്ട കാര്യമില്ലായിരുന്നു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ പദ്ധതി നടപ്പിലാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. റേഷന്‍ വ്യാപാരികള്‍ വേതനത്തില്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. അതുകൊണ്ട് തന്നെ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരം പിന്‍വലിക്കാന്‍ വ്യാപാരികള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംയുക്തസമര സമിതി കണ്‍വീനര്‍ എന്‍ പി ബഷീര്‍ അധ്യക്ഷത വഹിച്ചു. ബി സഹദേവന്‍, കെ പവിത്രന്‍, പി രാജന്‍, മാര്‍ട്ടിന്‍ ജോര്‍ജ്ജ്, അബ്ദുള്‍ കരീം ചേലേരി, പി കെ ഹാരിസ്, കൗണ്‍സിലര്‍ കെ പി എ സലീം സംസാരിച്ചു

No comments

Powered by Blogger.