റെയില്‍വെ സ്റ്റേഷനിലെ വാഹനപാര്‍ക്കിംഗ്; വലിയ വില കൊടുക്കേണ്ടിവരും


കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനില്‍ എത്തി വണ്ടിയൊന്ന് പാര്‍ക്ക് ചെയ്ത് ദൂരയാത്ര പോയിവരാം എന്ന് കരുതുന്നവര്‍ ഒന്ന് മറിച്ച് ചിന്തിക്കുന്നത് നല്ലതാണ്. കാരണം യാത്രകഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും വാഹനങ്ങള്‍ അവിടെയുണ്ടാകുമോയെന്ന കാര്യത്തിലാണ് സംശയം. കാരണം മറ്റൊന്നുമല്ല, പാര്‍ക്കിംഗ് ഫീ കൊടുത്ത് വണ്ടി പാര്‍ക്ക് ചെയ്യുമ്പോള്‍കിട്ടുന്ന രസീത് കാണിച്ചാല്‍ മാത്രമേ വാഹനങ്ങള്‍ തിരിച്ചെടുക്കാനാവൂ. എന്നാല്‍ യാത്രകഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും ഈ കിട്ടുന്ന രസീത് വെറും വെള്ളക്കടലാസ് ആയി മാറിയിട്ടുണ്ടാവും. മാത്രമല്ല, വാഹനങ്ങളുടെ രജിസ്റ്റര്‍ നമ്പറോ മറ്റൊന്നും തന്നെ ഈ രസീതില്‍ രേഖപ്പെടുത്തുന്നില്ല. ഒരു മാസത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേകം പാസുകളാണ് നല്‍കുക. രസീതില്‍ വാഹനങ്ങളുടെ നമ്പര്‍ എഴുതണം എന്ന നിയമം ഉണ്ട്്. പ്രിന്റ് എടുത്തത് മാഞ്ഞുപോകും. എന്ന് വാഹന ഉടമകള്‍ പറയുകയാണെങ്കില്‍ അവര്‍ക്ക് നമ്പറുകള്‍ എഴുതി നല്‍കാറുണ്ട്്. രസീതിലെ അക്ഷരങ്ങള്‍ മായുന്നത് മഷിയുടെ പ്രശ്‌നമാണെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ പലപ്പോഴും യാത്രക്കാര്‍ ഇതിനെക്കുറിച്ച് ബോധവാന്‍മാരല്ല, പലരും അവര്‍ പറയുന്ന പണവും നല്‍കി രസീതും മുറിച്ച് ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നു. തിരിച്ചുവന്ന് വാഹനമെടുക്കാന്‍ നോക്കുമ്പോഴായിരിക്കും രസീത് നോക്കുന്നത്. അപ്പോഴേക്കും അതിന്റെ അക്ഷരങ്ങള്‍ എല്ലാം മാഞ്ഞുപോയിട്ടുണ്ടാകും. പിന്നെ വാഹനം വെച്ച സ്ഥലം അറിയാവുന്നതുകൊണ്ട്് അവിടെ പോയി വാഹനമെടുക്കും. പലപ്പോഴും ആരും രസീത് പോലും ചോദിക്കാറില്ല. തങ്ങള്‍ ഇവിടെ വെച്ച് പോകുന്ന വാഹനങ്ങള്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്ന് വാഹന ഉടമകള്‍ ചോദിക്കുന്നു. രണ്ട് മണിക്കൂറിലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെങ്കില്‍ ഈടാക്കുന്നത് പത്ത് രൂപയാണ്. അത് ഒരു ദിവസമായാല്‍ 20 രൂപ. ഒരാഴ്ച വാഹനം പാര്‍ക്ക് ചെയ്യണമെങ്കില്‍ പണം ഇരട്ടിയാകും. കാര്‍ പാര്‍ക്ക് ചെയ്യാന്‍ 50 രൂപയാണ് വാങ്ങുന്നത്.

No comments

Powered by Blogger.