പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി നിര്‍മാണം ഉടന്‍ തുടങ്ങും

ഇരിട്ടി > പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി നിര്‍മാണം ഉടന്‍ തുടങ്ങും. വെളിയമ്പ്രയിലെ പഴശ്ശി പദ്ധതി ആസ്ഥാനത്തിനടുത്ത് നിര്‍മാണത്തിന് കണ്ടെത്തിയ സ്ഥലം കരാറുകാര്‍ക്ക് കൈമാറി. ഈറോഡിലെ ആര്‍എസ് ഡെവലപ്പേഴ്സാണ് കരാറെടുത്തത്. ഒരുമാസത്തിനകം  നിര്‍മാണം തുടങ്ങും. മൂന്നരഹെക്ടറാണ് കൈമാറിയത്. മരങ്ങള്‍ മുറിച്ചുനീക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. പരമാവധി വൃക്ഷങ്ങള്‍ സംരക്ഷിച്ചാവും നിര്‍മാണം. പദ്ധതിക്ക്്് ഡാം സുരക്ഷാ അതോറിറ്റി അനുമതി നേരത്തെ ലഭിച്ചു. ടെന്‍ഡര്‍ കഴിഞ്ഞമാസം കെഎസ്ഇബി ഉന്നതാധികാരസമിതി അംഗീകരിച്ചു.

സംഭരണിയിലെ മിച്ച ജലശേഖരം ഉപയോഗപ്പെടുത്തി 7.5 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. 79.85 കോടി നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നു. ഓഫീസ് ചാവശേരിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. പദ്ധതി പ്രദേശത്ത്  ഉടന്‍ സൈറ്റ് ഓഫീസ് തുറക്കും.
19.50 മീറ്റര്‍ വെള്ളമുണ്ടായാലും വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന വിധത്തിലാണ് രൂപകല്‍പന. സംഭരണിയില്‍നിന്ന് 80 മീറ്റര്‍ നീളത്തില്‍ പെന്‍സ്റ്റോക്ക് തുരങ്കം  നിര്‍മിച്ച് ചെറിയ മൂന്ന് തുരങ്കം വഴി പവര്‍ഹൌസിലേക്ക് വെള്ളം ചാടിച്ച്  ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യം. ജൂണ്‍- നവംബര്‍ കാലയളവിലെ ആറുമാസം വളപട്ടണം പുഴയിലേക്ക് ഒഴുക്കുന്ന വെള്ളമുപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കാനാകുമെന്നാണ്  പ്രതീക്ഷ.

No comments

Powered by Blogger.