ഭൂനികുതി ഇനി വീട്ടിലിരുന്ന് ഓണ്‍ലൈനില്‍ അടയ്ക്കാം

കണ്ണൂര്‍: ഭൂമി സംബന്ധമായ വിവിധ ആവശ്യങ്ങള്‍ക്ക് ഇനി മുതല്‍ ഭൂവുടമകള്‍ വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങേണ്ട. ജനങ്ങളുടെ കൈവശഭൂമി സംബന്ധിച്ച വിവരങ്ങള്‍ സമയബന്ധിതമായി അറിയിക്കാനും വിവരങ്ങളുടെ കൃത്യത പരിശോധിക്കാനും ജില്ലയില്‍ ഒരു ഏകീകൃത സംവിധാനത്തിന് തുടക്കമായി.
ജില്ലയിലെ ഭൂവുടമകളുടെ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ കംപ്യൂട്ടര്‍വത്കരിക്കുന്നതിന്റെ ഭാഗമായുള്ള വിവരശേഖരണത്തിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. സ്വന്തം പേരിലുള്ള ഭൂമിയുടെ രേഖകള്‍ കംപ്യൂട്ടറിലാക്കുന്നതിന്റെ ഭാഗമായി വിവരങ്ങള്‍ രേഖപ്പെടുത്തി നല്‍കുന്നതിനുള്ള അപേക്ഷാഫോറം കളക്ടര്‍ മിര്‍ മുഹമ്മദലിയില്‍നിന്ന് മന്ത്രി സ്വീകരിച്ചു. ഭൂനികുതി ഓണ്‍ലൈനായി അടയ്ക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താന്‍ ഭൂരേഖകള്‍ കംപ്യൂട്ടര്‍വത്കരിക്കപ്പെടുന്നതിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ മേയര്‍ ഇ.പി.ലത അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്,  കളക്ടര്‍ മിര്‍ മുഹമ്മദലി, എം.പ്രകാശന്‍, എ.ഡി.എം. ഇ.മുഹമ്മദ് യൂസഫ്, വിവിധ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments

Powered by Blogger.