കീഴാറ്റൂര്‍ ബൈപാസിനെതിരേ മനുഷ്യച്ചങ്ങലയും പ്രതിഷേധ ജ്വാലയും നടത്തി

തളിപ്പറമ്പ്: കുറ്റിക്കോല്‍-കുപ്പം ദേശീയപാതയ്ക്ക് കീഴാറ്റൂര്‍ നെല്‍വയല്‍ നികത്തുന്നതിനെതിരേ ചൊവ്വാഴ്ച വൈകീട്ട് വയലില്‍ മനുഷ്യച്ചങ്ങല തീര്‍ത്തും പ്രതിഷേധജ്വാല തെളിച്ചും പ്രതിഷേധിച്ചു. കീഴാറ്റൂരിലെ സമരസംഘടനയായ വയല്‍ക്കിളികളാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. വയലിലെ നിരാഹാര സമരപ്പന്തലിനുസമീപം നടന്ന മനുഷ്യച്ചങ്ങലയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ കണ്ണികളായി. വൈകീട്ട് ആറുമണിയോടെ വയല്‍ വരമ്പിലാണ് പ്രതിഷേധം നടന്നത്. സുരേഷ് കീഴാറ്റൂര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റോഡിനുവേണ്ടി വയല്‍ വിട്ടുകൊടുക്കില്ലെന്ന് മുഷ്യച്ചങ്ങലയില്‍ കണ്ണികളായവര്‍ ഏറ്റുപറഞ്ഞു. തുടര്‍ന്ന് വയല്‍ക്കരയില്‍ ജനകീയകൂട്ടായ്മയുടെ പ്രതിഷേധജ്വാല തെളിക്കല്‍ നടന്നു. വയല്‍ക്കിളി പ്രവര്‍ത്തകരും നാട്ടുകാരും പ്രകടനമായെത്തി ജനകീയകൂട്ടായ്മയുടെ പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തു. 'നൂറുചുവപ്പന്‍ അഭിവാദ്യങ്ങള്‍' എന്ന മുദ്രാവാക്യം മുഴക്കിയാണ് വയല്‍ക്കിളി പ്രകടനത്തെ ജനകീയകൂട്ടായ്മ പ്രവര്‍ത്തകര്‍ എതിരേറ്റത്. തുടര്‍ന്ന് കത്തുന്ന മെഴുകുതിരികളുമായി സ്ത്രീകളും കുട്ടികളും പ്രതിഷേധജ്വാലയില്‍ പങ്കെടുത്തു. ഭീമന്‍ ഹൈവേ വേണ്ടേ വേണ്ട, നെല്‍വയല്‍ നികത്തരുത് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധജ്വാല അവസാനിപ്പിച്ചത്. എം.രാമചന്ദ്രന്‍, എന്‍.വി.പ്രദീപന്‍, സുനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments

Powered by Blogger.