പഴയങ്ങാടി പാലം നന്നാക്കാന്‍ സമയമായില്ലേ?


മാടായി: ചെറുകുന്ന് പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന പഴയങ്ങാടി പാലത്തിന്റെ തൂണും മുകള്‍ഭാഗത്തെ കൈവരിയും അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. എന്നാലിത് ശരിയാക്കാനോ പകരം മറ്റൊരെണ്ണം പണിയാനോ അധികൃതര്‍ കാണിക്കുന്ന നിസ്സംഗതയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 1976-ല്‍ ഉദ്ഘാടനം ചെയ്ത ഈ പാലത്തിന്റെ പണിയിലെ അപാകം കാരണം തുടക്കത്തില്‍ താവം ഭാഗത്തുള്ള ഗര്‍ഡര്‍ താണുപോയിരുന്നു. അന്ന് പൂഴിയും ചിരട്ടയും ഉപയോഗിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. പാലത്തിന്റെ തൂണിന്റെ സിമന്റിളകിയ നിലയിലാണ്. നാലുവര്‍ഷം മുന്‍പ് പാലത്തിന്റെ താവം ഭാഗത്തെ മുകള്‍ഭാഗം തകര്‍ന്ന് ഗതാഗതപ്രശ്‌നമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം പാലത്തിന്റെ മുകള്‍ഭാഗത്തെ കൈവരി അജ്ഞാത വാഹനമിടിച്ച് തകര്‍ത്തിരുന്നു. പത്രവാര്‍ത്തയെത്തുടര്‍ന്ന് ആദ്യം മരംകൊണ്ടും പിന്നീട് ഇരുമ്പുപട്ട ഉപയോഗിച്ചും താത്കാലികമായി നന്നാക്കിയെടുക്കുകയായിരുന്നു. ലോകബാങ്കിന്റെ സഹായത്തോടെ പൊതുമരാമത്ത് വകുപ്പ് കെ.എസ്.ടി.പി. വഴി നടപ്പാക്കുന്ന പാപ്പിനിശ്ശേരി-പിലാത്തറ റോഡിന്റെ നിര്‍മാണപ്രവൃത്തി പുരോഗമിക്കുകയാണ്. താവം മേല്‍പ്പാലം പണിയും പൂര്‍ത്തിയായിട്ടില്ല. ഈ റോഡുകള്‍ക്കിടയിലെ രാമപുരം പുഴയ്ക്ക് മറ്റൊരു പാലം പണിയുന്നുണ്ടെങ്കിലും പഴയങ്ങാടിയില്‍ പുതിയ പാലമില്ല. റോഡ് പൂര്‍ത്തിയാകും മുന്‍പേ വലിയ ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെ ഇതുവഴി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. റോഡ് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ വാഹനഗതാഗതം വര്‍ധിക്കും. രാമപുരം പാലത്തിനുപകരം മറ്റൊരു പാലം ആദ്യത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് പുതിയ പാലം അനുവദിച്ചതും പാലംപണി ത്വരഗതിയില്‍ തുടങ്ങിയതും. എന്നാല്‍ പാലം ഏറ്റവും അത്യാവശ്യമായ പഴയങ്ങാടിയില്‍ മറ്റൊരുപാലം വേണമെന്നത് ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. മറ്റിടങ്ങളില്‍ വീതികൂടിയ റോഡും മറ്റ് സൗകര്യവും ഉള്ളപ്പോള്‍ പഴയങ്ങാടി പാലത്തിലെത്തിയാല്‍ രാത്രി വെളിച്ചക്കുറവും പാലത്തിലുണ്ടാകാനിടയുള്ള ഗതാഗതക്കുരുക്കും വലിയ പ്രശ്‌നമായി മാറും. പട്ടുവം-കോട്ടക്കീല്‍ പാലത്തിന്റെ ഉദ്ഘാടനദിവസം മന്ത്രി ജി.സുധാകരന്‍ ഈ പാലം സന്ദര്‍ശിച്ചിരുന്നു. ടി.വി.രാജേഷ് എം.എല്‍.എ. പാലത്തിന്റെ ശോച്യാവസ്ഥ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്. ഇതിന്റെ പശ്ചാത്തലത്തില്‍ പുതിയ പാലം പണിയാന്‍ സര്‍ക്കാര്‍ 35 കോടി രൂപ അനുവദിച്ചിരുന്നു. പക്ഷേ, പാലംനിര്‍മാണത്തിന്റെ നടപടികളൊന്നും തുടങ്ങിയില്ല. പാലം നവീകരണത്തിന് പണം നീക്കിവെച്ചിട്ടുണ്ടെങ്കിലും നവീകരണപ്രവൃത്തിയും ഇതുവരെ തുടങ്ങിയിട്ടില്ല. റോഡ് നവീകരണപ്രവൃത്തി പൂര്‍ത്തിയാകുന്ന മുറയ്ക്ക് പാലം നവീകരണപ്രവൃത്തി നടത്തുകയോ അതല്ലെങ്കില്‍ മറ്റൊരുപാലം പണിയുകയോ ചെയ്തില്ലെങ്കില്‍ ഇവിടത്തെ ഗതാഗതപ്രശ്‌നം കടുത്ത തലവേദനയായിമാറും.

No comments

Powered by Blogger.