ശിശു സൗഹൃദമാകാന്‍ ഒരുങ്ങി കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍


കണ്ണൂര്‍: പോലീസ് എന്ന് കേട്ടാല്‍ പല കുട്ടികള്‍ക്കും പേടിയാണ്. അപ്പോള്‍ സ്റ്റേഷനിലേക്ക് പോകണം എന്നാണെങ്കിലോ ആ പേടി ഇരട്ടിക്കും. എന്നാല്‍ ഇനി മുതല്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ എന്ന് കേട്ടാല്‍ കുട്ടികള്‍ പേടിക്കില്ല. പകരം ആവേശത്തോടെ പാഞ്ഞെത്തും. അതിനൊരു കാരണവുമുണ്ട്. ടൗണ്‍ സ്റ്റേഷന്‍ ശിശുസൗഹൃദമാകുന്നു എന്നതു തന്നെ.
ടൗണ്‍ സ്റ്റേഷനിലെത്തുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ചൈല്‍ഡ് ഫ്രണ്ട്‌ലി ബ്ലോക്ക് എന്ന പേരില്‍ പ്രത്യേക വിശ്രമ കേന്ദ്രമൊരുക്കുകയാണ് പോലീസുകാര്‍. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോടു കൂടിയ ചുമര്‍ ചിത്രങ്ങളും കളിക്കോപ്പുകളും വിശ്രമ കേന്ദ്രത്തിന് ആകര്‍ഷണം കൂട്ടും. കുടിവെള്ളം, ടോയ്‌ലറ്റ് അടക്കമുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ബ്ലോക്കിന്റെ നിര്‍മ്മാണം. കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് മുലയൂട്ടാനുള്ള പ്രത്യേക സൗകര്യവും ബ്ലോക്കില്‍ ഒരുക്കുന്നുണ്ട്.
സ്റ്റുഡന്റ്‌സ് പോലീസ് കാഡറ്റ് പദ്ധതിക്ക് ശേഷം പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് ചൈല്‍ഡ് ഫ്രണ്ട്‌ലി ബ്ലോക്ക്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സി ഐ, എസ് ഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞമാസം പ്രത്യേക ക്ലാസും സംഘടിപ്പിച്ചിരുന്നു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലാണ് രണ്ടുദിവസത്തെ ക്ലാസ് നടന്നത്.
അഞ്ചുലക്ഷം രൂപയാണ് ആദ്യഘട്ടത്തില്‍ ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. നവംബര്‍ 14 ശിശുദിനത്തോടനുബന്ധിച്ച് ചൈല്‍ഡ് ഫ്രണ്ട്‌ലി ബ്ലോക്കിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്താനാണ് തീരുമാനം.
കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ കൂടാതെ തൃശൂര്‍, കോഴിക്കോട്, കൊല്ലം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ടൗണ്‍ സ്റ്റേഷനുകളിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഈ ജില്ലകളിലെ വിജയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് ജില്ലകളില്‍ പദ്ധതി നടപ്പാക്കുക.

No comments

Powered by Blogger.