വ്യാജ റസീറ്റ് പിരിവ്

തളിപ്പറമ്പ്: കരുണാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിൽ റൂം വാടകയ്‌ക്കെടുത്ത് വ്യാപകമായി പിരിവ് നടത്തിയ രണ്ടംഗസംഘം പോലീസ് പിടിയിലായി. പട്ടുവം പടിഞ്ഞാറേച്ചാലിലെ ചെമ്മഞ്ചേരി രമേശന്‍(52), മോറാഴ പാന്തോട്ടത്തെ വിമുക്തഭടന്‍ ജീവന്‍ നിവാസില്‍ കെ.എന്‍. സുനില്‍കുമാര്‍(59) എന്നിവരാണ് പോലീസ് പിടിയിലായത്.

പറശിനിക്കടവ് കോള്‍മൊട്ടയിലാണ് ഒരുമാസത്തോളമായി റൂം വാടകയ്‌ക്കെടുത്ത് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ ബോര്‍ഡ് വെച്ച് 20, 50, 100 രൂപയുടെ റസീതുകള്‍ അച്ചടിച്ച് പാവപ്പെട്ടവരെ സഹായിക്കാനെന്ന പേരില്‍ നോട്ടീസ് അടിച്ച് പണപ്പിരിവ് നടത്തിയത്. ആയിരക്കണക്കിന് രസീത് ബുക്കുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

കരുണാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ സിപിഎം നിയന്ത്രണത്തില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. അതേ സംഘടനയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നോട്ടീസുകള്‍ നല്‍കിയാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ ആയിരക്കണക്കിന് രൂപ ഇവര്‍ പിരിച്ചെടുത്തത്.

ഇരുവരുടേയും പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിയാണ് നാട്ടുകാര്‍ ഓഫീസിലെത്തി ഇവരെ ചോദ്യം ചെയ്തത്. ട്രസ്റ്റിന്റെ പേരില്‍ പണപ്പിരിവാണെന്ന് ബോധ്യപ്പെട്ടതോടെയാണ് നാട്ടുകാര്‍ പോലീസിലറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ഓഫീസ് റെയിഡ് ചെയ്ത് സംഭാവന കൂപ്പണുകളും നോട്ടീസുകളും പിടിച്ചെടുത്തു. ഇരുവരേയും ചോദ്യം ചെയ്തുവരികയാണ്. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും സംഘം പണപ്പിരിവ് തട്ടിപ്പുകള്‍ നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

No comments

Powered by Blogger.