ഡ്രൈവര്‍മാര്‍ 6 എണ്ണമുണ്ടെങ്കിലും ജില്ലാ ആശുപത്രിയിൽ രോഗിയെ കൊണ്ടുപോകാന്‍ സ്വകാര്യ വാഹനം തന്നെ ശരണം


കണ്ണൂര്‍: വാഹനം റെഡി. പക്ഷെ ഓടിക്കാന്‍ ഡ്രൈവര്‍മാരില്ല. ജില്ലാ ആശുപത്രിയിലെ അവസ്ഥയാണിത്. രാത്രി ഓട്ടം പോകാന്‍ ഡ്രൈവര്‍മാരില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പുറത്തുനിന്നും ആംബുലന്‍സ് വരുത്തിയാണ് രോഗിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. ആശുപത്രിയില്‍ നിലവില്‍ റണ്ണിംഗ് കണ്ടീഷനിലുള്ള രണ്ട് ആംബുലന്‍സ് വാഹനങ്ങളുമുണ്ട്. 24 മണിക്കൂറും ഇതിന്റെ സേവനം ലഭ്യമാക്കാന്‍ ആറുഡ്രൈവര്‍മാരെയും നിയമിച്ചിരുന്നുവെങ്കിലും ഓട്ടം പോകാന്‍ മൂന്നുപേര്‍ മാത്രമാണുള്ളത്. ഒരാളെ ജോലി ചെയ്യാന്‍ അനുവദിക്കാതെ ഒപ്പ് ഇടുവിച്ച് ശമ്പളം നല്‍കുകയാണ്. ശേഷിച്ചവരില്‍ ഒരാളെ ആറുമാസത്തെ കരാര്‍ കാലാവധി പൂര്‍ത്തിയായതിനാല്‍ മാറ്റിനിര്‍ത്തുകയും മറ്റൊരാള്‍ക്ക് ഡ്യൂട്ടി നല്‍കാതിരുന്നതുമാണ് കഴിഞ്ഞ ദിവസം രാത്രി ഓട്ടം സ്തംഭിച്ചത്. പനിയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ ഒടുവില്‍ സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് വരുത്തിയാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. അതിന് പുറമെ രാത്രി കോള്‍ ഡ്യൂട്ടിക്ക് പോകാനും പുറമെ നിന്നുള്ള കാര്‍ വിൡക്കേണ്ടിവന്നു. സാധാരണ ആശുപത്രിയിലെ ആംബുലന്‍സാണ് രാത്രി ഡോക്ടറെ വിളിക്കാന്‍ പോകുന്നത്. പി എസ് സി മുഖേന ജോലിക്കെത്തിയ മൂന്ന് ഡ്രൈവര്‍മാരാണിപ്പോള്‍ ആശുപത്രി ഡ്യൂട്ടിയിലുള്ളത്. ഇവരാണെങ്കില്‍ രാത്രി ഡ്യൂട്ടിക്ക് പലപ്പോഴും സന്നദ്ധരാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ആശുപത്രിയില്‍ പലതും ആരംഭിക്കുമെന്ന് നിത്യേന പത്ര പ്രസ്താവന നടത്തുന്ന അധികാരികള്‍ രോഗികള്‍ക്കുണ്ടാകുന്ന ഇത്തരം ദുരിതങ്ങള്‍ അറിയുന്നില്ലേ എന്നാണ് ജീവനക്കാര്‍ തന്നെ ചോദിക്കുന്നത്.

No comments

Powered by Blogger.