ദിലീപിന് ജാമ്യം ലഭിച്ചു

ദിലീപിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്
നടിയെ ലൈംഗികമായി ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം അനുവദിച്ചത് കേസന്വേഷണം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍. ദിലീപിന് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ല എന്ന കാര്യം കൂടി പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ചട്ടപ്രകാരം ജാമ്യം ലഭിക്കേണ്ട കാലാവധി പൂര്‍ത്തിയാകാന്‍ അഞ്ചു ദിവസം അവശേഷിക്കേയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഇരയേയോ പതികളേയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, വിചാരണയെ തടസ്സപ്പെടുത്തരുത് എന്നീ കര്‍ശന ഉപാധികള്‍ പാലിക്കണം. മാധ്യമങ്ങളിലൂടെ ഇത്തരം നീക്കങ്ങള്‍ ഉണ്ടാവരുതെന്നും ഏഴു പേജുള്ള വിധിന്യായത്തില്‍ കോടതി നിഷ്‌കര്‍ഷിച്ചു. കേസന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാന്‍ ജസ്റ്റിസ് സുനില്‍ തോമസ് തീരുമാനമെടുത്തുകയായിരുന്നു.


പ്രധാന സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുകയും കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് കോടതി ജാമ്യം അനുവദിക്കുന്നത്. ഈ മാസം ആറിന് കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു പ്രോസിക്യൂഷന്റെ തീരുമാനം. ഇക്കാര്യം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുകയും ചെയ്തതാണ്.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ചിലരേക്കൂടി ചോദ്യം ചെയ്യാനുണ്ടെന്നും റിമി ടോമി അടക്കം 21 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താത്തത് പ്രോസിക്യൂഷന്റെ ഭാഗത്തെ വീഴ്ചയായി ചൂണ്ടിക്കാണിച്ചിരുന്നു.

No comments

Powered by Blogger.