തളിപ്പറമ്പിൽ മർദനമേറ്റ യുവാവിനെ കണ്ടെത്തി

തളിപ്പറമ്പ്∙ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നടു റോഡിൽ മർദനമേറ്റ യുവാവിനെ രണ്ടുദിവസത്തെ അന്വേഷണത്തിനു ശേഷം പൊലീസ് കണ്ടെത്തി. തളിപ്പറമ്പ് അള്ളാംകുളം സ്വദേശിയായ ജുനൈദ് എന്ന യുവാവിനെയാണ് ഇന്നലെ വൈകിട്ട് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ കീഴിലുള്ള ക്രൈം സ്ക്വാഡ് കണ്ണൂരിൽ നിന്ന് കണ്ടെത്തിയത്. ഇയാൾക്ക് മർദനമേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ സംഭവം വിവാദമായ ശേഷം അപ്രത്യക്ഷനായ യുവാവിനെ തേടി പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടയിൽ ഇന്നലെ രാവിലെ ഇയാളുടെ മൊബൈൽ ഫോൺ കണ്ണൂർ ടൗണിൽ ഉള്ളതായി മനസ്സിലായതിനെ തുടർന്ന് ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡിന്റെ നേതൃത്വത്തിൽ പകൽ മുഴുവൻ നീണ്ട തിരച്ചിലിലാണ് വൈകിട്ടോടെ ഇയാളെ കണ്ടെത്തി തളിപ്പറമ്പിൽ എത്തിച്ചത്.

ഇയാളിൽ നിന്ന് പരാതി എഴുതി വാങ്ങിയ ശേഷം മർദിച്ചവർക്കെതിരെ കേസെടുക്കും. സദാചാര ഗുണ്ടായിസമെന്ന രീതിയിൽ സംഭവത്തെ കണ്ട് കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ഡിവൈഎസ്പി കെ.വി.വേണുഗോപാൽ പറഞ്ഞു. യുവാവ് മൊബൈൽ ഫോൺ മോഷ്ടിച്ചതായി ആരോപണമുയർന്നിരുന്നുവെങ്കിലും ഫോണിന്റെ പണം നൽകുമെന്ന് പൊലീസ് സ്റ്റേഷനിൽ ധാരണയായി തിരിച്ചുവരുമ്പോഴാണ് രണ്ടുപേർ ചേർന്ന് ഇയാളെ മർദിക്കുന്നത്. മർദിച്ചവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജുനൈദിന്റെ പരാതി രേഖപ്പെടുത്തിയ ശേഷം ശക്തമായ നടപടി സ്വീകരിക്കാനാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകിയ നിർദേശം. തളിപ്പറമ്പിൽ അടുത്തകാലത്തായി സദാചാര ഗുണ്ടകൾ ചമഞ്ഞുള്ള മർദനം വർധിച്ചു വരികയാണ്. ഇത്തരം മൂന്ന് കേസുകളിൽ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. ഇതേ രീതിയിൽ തന്നെ ഈ കേസിനെയും പരിഗണിക്കാനാണ് പൊലീസ് നീക്കം.

No comments

Powered by Blogger.