ഒരു അധ്യാപക ദിനം കൂടി കടന്നു പോവുമ്പോളും ഹേമജ ടീച്ചറുടെ കൊലയാളി കാണാ മറയത്തു തന്നെ.

ഈ അധ്യാപകദിനത്തില്‍ കണ്ണൂരുകാര്‍ ഓര്‍ക്കേണ്ട ഒരു പേരുണ്ട്. സിറ്റി ഹൈസ്‌കൂള്‍ അധ്യാപിക ഉരുവച്ചാല്‍ സ്വദേശിനി ഹേമജ(46). ഹേമജ ടീച്ചര്‍ കൊല്ലപ്പെട്ടിട്ട് 8 വര്‍ഷം പൂര്‍ത്തിയാവുന്നു. ഈ കേസില്‍ പ്രതിയായ ഭര്‍ത്താവിനെ കണ്ടെത്താന്‍ പോലിസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും കാര്യമായ പുരോഗതിയില്ല. ഒന്നാം പ്രതിയായ ഭര്‍ത്താവ് ശശി എന്ന ഡിക്കന്‍ ശശിയെ എട്ടുവര്‍ഷം പൂര്‍ത്തിയാവാറായിട്ടും കണ്ടെത്താനാവാത്തതിനാലാണ് അന്വേഷണം പ്രതിസന്ധിയിലായത്.. 2009 സെപ്തംബര്‍ 5നാണ് വീടിനടുത്തുളള റോഡില്‍ നിര്‍ത്തിയിട്ട മാരുതി വാനില്‍ ഹേമജയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ചപ്പോള്‍ തന്നെ ഭര്‍ത്താവാണ് പ്രതിയെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍, ഡിക്കന്‍ ശശിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വിദേശത്തേക്കു കടന്നതായും മറ്റും സംശയമുയര്‍ന്നിരുന്നെങ്കിലും പോലിസ് ഇരുട്ടില്‍ തപ്പുകയായിരുന്നു. ഇതിനിടെ, കേസന്വേഷണം ജില്ലാ പോലിസ് സൂപ്രണ്ടിന് നല്‍കി ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. കണ്ണൂര്‍ സിറ്റി സിഐ അന്വേഷിച്ച കേസ് പിന്നീട് ടൗണ്‍ ഡിവൈഎസ്പിക്കു കൈമാറിയിരുന്നെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സിഐമാരെ ഇടയ്ക്കിടെ സ്ഥലം മാറ്റുന്നതിനനുസരിച്ച് അന്വേഷണം മന്ദഗതിയിലാവുന്നുവെന്ന് ചൂണ്ടിക്കാട്ടി ആക്്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി ഒ മോഹനന്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ജസ്റ്റിസ് എസ്എസ് സതീശ് ചന്ദ്രന്‍  ജില്ലാ പോലിസ് മേധാവി അന്വേഷിക്കണമെന്നു ഉത്തരവിട്ടിരുന്നു. ഇതിനിടെ, കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹേമജ ടീച്ചറുടെ പിതാവ് അമ്പാടി ചന്ദ്രശേഖരന്‍ ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയെങ്കിലും പരിഗണനക്കെടുക്കും മുമ്പ് അദ്ദേഹം മരണപ്പെട്ടു. ചന്ദ്രശേഖരന്റെ ഭാര്യ ഇന്ദിര ഹരജിക്കാരിയായി വീണ്ടും കേസ് തുടര്‍ന്ന് നടത്തി. ഹേമജ വധക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്്ടറേറ്റ് മാര്‍ച്ച് ഉള്‍പ്പെടെ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. ഒമ്പതു വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തില്‍ തുമ്പ് കിട്ടാതെ പോലിസ് അലയുകയായിരുന്നു. ഭര്‍ത്താവിന്റെ കെഎല്‍ 13 എഫ് 5549 നമ്പര്‍ ഓംനി വാനിലാണ് ഹേജമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചൊവ്വയിലെ സ്പിന്നിങ് മില്ലിന് സമീപത്ത് ഹേമജയുടെ സഹോദരിയുടെ വീട്ടിലേയ്ക്കുള്ള വഴിയരികിലാണ് വാനില്‍ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്നു 1.50 കിലോമീറ്ററോളം അകലെയായിരുന്നു വാനില്‍ കഴുത്ത് അറ്റു തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിലെ രണ്ടാംപ്രതിയും ഡിക്കന്‍ ശശിയുടെ സുഹൃത്തുമായ ആലക്കോട് സ്വദേശി ശശിയെ നേരത്തേ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ ഭര്‍ത്താവിനു വേണ്ടി ഇപ്പോഴും പോലീസ് ഇരുട്ടില്‍ തപ്പുന്നു.

No comments

Powered by Blogger.