കലക്ടറേറ്റ് വളപ്പിലും ആര്‍ ടി ഒ ഓഫീസ് പരിസരങ്ങളിലുമായി മുപ്പതോളം സര്‍ക്കാര്‍ വാഹനങ്ങള്‍ കട്ടപ്പുറത്ത്


കണ്ണൂര്‍: ഈ സര്‍ക്കാറിന്റെ ഒരു കാര്യേ…പിഞ്ചുകുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ പോലെയാണ് സര്‍ക്കാറുകള്‍ക്ക് യാത്രാവാഹനങ്ങള്‍. എന്തെങ്കിലും ഒരു കുറവ് കണ്ടാല്‍ ഉടനെ അത് പുറത്തേക്കെറിയും. അത് കാറായാലും ശരി, ജീപ്പായാലും ശരി. വാഹനങ്ങളുടെ പ്രശ്‌നം എന്തെന്ന് നോക്കാന്‍ അധികാരികള്‍ തയ്യാറാവുന്നില്ല. കലക്ടറേറ്റ് വളപ്പിലും ആര്‍ ടി ഒ ഓഫീസ് പരിസരങ്ങളിലുമായി മുപ്പതോളം വാഹനങ്ങളാണ് ഇതുപോലെ കട്ടപ്പുറത്തുള്ളത്. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വാഹനങ്ങളാണ് ഇന്ന് ഉപയോഗശൂന്യമായിരിക്കുന്നത്.
എല്ലാ വകുപ്പുകള്‍ക്കും വാഹനങ്ങള്‍ വേണം. ചെറുതൊന്നും പോര. വി വി ഐ പി പരിഗണനയുള്ള കാറുകള്‍ തന്നെ വേണം. ട്രെന്‍ഡുകള്‍ മാറിവരുമ്പോള്‍ പഴയത് ഉപേക്ഷിച്ച് പുതിയതിനെ തേടി പോകുന്നത് മലയാളികളുടെ ശീലമാണ്. എന്നാല്‍ ഈ ഉപേക്ഷിച്ച വാഹനങ്ങള്‍ പിന്നീട് ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയാതെ കട്ടപ്പുറത്താകും. ഇന്ന് കലക്ടറേറ്റ് പരിസരത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പോസ്റ്റര്‍ പതിക്കാനും മറ്റുമാണ് ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. ചില വാഹനങ്ങളുടെ ഗ്ലാസുകളുടെ പുറത്ത് സര്‍ക്കാറുകള്‍ക്കുള്ള പഞ്ച് ഉപദേശങ്ങളുമുണ്ട്. എല്ലാം ശരിയാക്കിതരാം എന്ന് പറഞ്ഞ് അധികാരത്തിലേറിയ എല്‍ ഡി എഫ് സര്‍ക്കാറിനെ കളിയാക്കിയുള്ള വാചകങ്ങളാണ് വാഹനങ്ങളുടെ ഗ്ലാസുകളിലേറെയും. പലപ്പോഴായി ഇത്തരം വാഹനങ്ങളില്‍ ക്ഷുദ്രജീവികള്‍ പെറ്റുപെരുകുന്നത് പതിവ് കാഴ്ചയാണ്. ഒരു പക്ഷെ ഇത്തരം വാഹനങ്ങളുടെ ഭാഗങ്ങള്‍ ലേലം ചെയ്താലെങ്കിലും ആര്‍ക്കെങ്കിലും ഉപയോഗയോഗ്യമാക്കാം. എന്നാല്‍ അതിന് അധികാരികള്‍ മുതിരാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

No comments

Powered by Blogger.