ശ്രീകണ്ഠപുരം ചേപ്പറമ്പിൽ ക്വാറിയിൽ സ്ഫോടകവസ്തു ശേഖരം: രണ്ടുപേർ അറസ്റ്റിൽ


ശ്രീകണ്ഠപുരം∙ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ചേപ്പറമ്പിലെ ക്വാറിയിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പൊലീസ് പിടികൂടി. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ വേഷം മാറി എത്തിയ സംഘമാണ് സ്ഫോടക വസ്തുക്കൾ പിടിച്ചത്. നിടിയേങ്ങ പയറ്റുചാൽ മീത്തൽ മുള്ളിത്തടത്തിൽ സജി ജോൺ (48), നടുവിൽ ചൊവ്വാട്ടുകുന്നേൽ ബിനോയ് ദേവസ്യ (40) എന്നിവരെ അറസ്റ്റ് ചെയ്തു. 380 ജലറ്റിൻ സ്റ്റിക്ക്, 405 ഡിറ്റനേറ്റർ, 732 മീറ്റർ ഫ്യൂസ് വയർ, ക്വാറിയിൽ ഉറപ്പിച്ച നിലയിൽ ഉണ്ടായിരുന്ന 19 ഡിറ്റനേറ്ററും ഫ്യൂസ് വയറും, രണ്ട് ജെസിബി, കംപ്രസർ ഉറപ്പിച്ച മൂന്ന് ട്രാക്ടർ, രണ്ട് പ്ലാസ്റ്റിക് ബാരൽ എന്നിവയാണ് പിടിച്ചെടുത്തത്.

ജില്ലയിൽ ഏറ്റവും അധികം അനധികൃത ക്വറികൾ പ്രവർത്തിക്കുന്നത് മലയോര മേഖലയിലാണ്. ഇവിടെയെല്ലാം ചട്ടം ലംഘിച്ച് സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുകയും മറ്റ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഡിവൈഎസ്പിയും സംഘവും എത്തിയത്. വാഹനം താഴെവച്ച് വേഷം മാറി ക്വാറിയിൽ എത്തിയ പൊലീസ് സംഘത്തെ തിരിച്ചറിഞ്ഞില്ല. സംഘത്തെ മനസ്സിലാകാതെ സ്ഫോടക വസ്തുവിന് തീകൊളുത്തിയെങ്കിലും പൊലീസ് പിറകെ ഓടി പിടിക്കുകയായിരുന്നു. തുടർന്ന് ശ്രീകണ്ഠപുരം സിഐ വി.വി.ലതീഷ്, എസ്ഐ ഇ.നാരായണൻ, തളിപ്പറമ്പ് ഡിവൈഎസ്പി ഓഫിസിലെ എസ്ഐ പവിത്രൻ, എഎസ്ഐ ഗോപി, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പരക്കെ റെയ്ഡ് നടന്നു. അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ വരും ദിവസങ്ങളിൽ കർശന നടപടിയെടുക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു.

No comments

Powered by Blogger.