ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍ ഇന്ന്. ഏവര്‍ക്കും കണ്ണൂര്‍ വാര്‍ത്തകളുടെ ബലി പെരുന്നാള്‍ ആശംസകള്‍


കോഴിക്കോട്: ഹസ്രത്ത് ഇബ്‌റാഹിമിന്റെയും പുത്രന്‍ ഇസ്മാഈലിന്റെയും ത്യാഗസ്മരണകളുടെ നിറവില്‍ ഇന്ന് ബലിപെരുന്നാള്‍. ആത്മത്യാഗത്തിന്റെ അഗ്നിയില്‍ ചാലിച്ചെടുത്ത വിശ്വാസത്തിന്റെ ആഘോഷാവിഷ്‌കാരം. സ്രഷ്ടാവിന്റെ മഹത്വം വാഴ്ത്തി ഇന്നലെ സന്ധ്യ മുതല്‍ തന്നെ തക്ബീര്‍ ധ്വനികളാല്‍ അന്തരീക്ഷം ഭക്തിസാന്ദ്രമായി. അറഫാ സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ വ്രതാനുഷ്ഠാനം നടത്തിയാണ് വിശ്വാസികള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത്.
അത്തറിന്റെ പരിമളവുമായി പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് രാവിലെയോടെ വിശ്വാസികള്‍ പള്ളികളില്‍ ഒത്തുചേരും. പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം ഉള്ഹിയ്യത്ത് കര്‍മം നിര്‍വഹിക്കും. ആശംസകള്‍ കൈമാറിയും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയും മതനിഷ്ഠയോടെ സന്തോഷം പങ്കുവെക്കും. ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും പെരുന്നാള്‍ സുദിനത്തിന്റെ ആത്മനിര്‍വൃതി നേടും.

No comments

Powered by Blogger.