ബസുകൾ കുറവ്; കണ്ണൂരിൽ നിന്നു രാത്രിയാത്ര ദുരിതം


കണ്ണൂർ ∙ നഗരത്തിൽ‌ നിന്നു രാത്രി വൈകി ബസുകളില്ലാത്തതു ദുരിതമാകുന്നതായി യാത്രക്കാർ. രാത്രി 9.30നു ശേഷം കണ്ണൂർ–കൂത്തുപറമ്പ് റൂട്ടിലും കണ്ണൂർ–തലശ്ശേരി റൂട്ടിലേക്കും ബസ് സർവീസ് ഇല്ല. കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകളുണ്ടെങ്കിലും എല്ലാം ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും സൂപ്പർഫാസ്റ്റുകളുമാണ്. ഗതിമുട്ടിയാൽ യാത്രക്കാർ പ്രാദേശിക സ്റ്റോപ്പുകളിൽ നിർത്തിത്തരുമോ എന്നു ചോദിച്ചു കയറാൻ ശ്രമിച്ചാലും ഇറക്കിവിടും. രാത്രി 10നു ശേഷം കെഎസ്ആർടിസിയുടെ ബസുകൾ എല്ലാ സ്റ്റോപ്പുകളിലും നിർത്തണമെന്നും യാത്രക്കാരെ കയറ്റണമെന്നുമുള്ള നിയമം ഉണ്ട്.

എന്നാൽ ഇത് കടലാസിൽ മാത്രമാണ്. രാത്രി 9.30നു നഗരത്തിൽ നിന്നു കൂത്തുപറമ്പിലേക്കു സർവീസ് നടത്തുന്ന ഒരു സ്വകാര്യ ബസാണ് ഉള്ളത്. ഇതിൽ യാത്രചെയ്യണമെങ്കിൽ സാഹസം വേണമെന്ന് യാത്രക്കാർ പറയുന്നു. ചവിട്ടുപടിയിൽ നിൽ‌ക്കണം. തിരക്ക് കാരണമുള്ള തട്ടലിലും മുട്ടലിലും യാത്രക്കാർ തമ്മിൽ തർക്കങ്ങളും ഉണ്ടാകാറുണ്ട്. മിക്ക റൂട്ടുകളിലേക്കും നഗരത്തിൽ നിന്നു രാത്രിസമയത്തുള്ള അവസാന ബസ് ട്രിപ്പിൽ രണ്ട് ബസിൽ പോകേണ്ട യാത്രക്കാരുണ്ടാകും. പല റൂട്ടുകളിലും പകൽസമയങ്ങളിൽ സ്വകാര്യ ബസുകൾക്കു പിന്നിൽ യാത്രക്കാരില്ലാതെ ഓടുന്ന കെഎസ്ആർടിസി ബസുകൾ സ്ഥിരം കാഴ്ചയാണ്.

രാത്രി വൈകിയുള്ള സമയങ്ങളിൽ നഗരത്തിൽ നിന്നു വിവിധ ഭാഗങ്ങളിലേക്ക് ഓരോ കെഎസ്ആർടിസി ബസ് അനുവദിച്ചാൽ ജനത്തിന് ആശ്വാസമാകും. പ്രധാന റൂട്ടുകളിലേക്കെങ്കിലും രാത്രി വൈകിയുള്ള കെഎസ്ആർടിസി സർവീസുകൾ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. രാത്രിയാത്ര‌ തമിഴ്നാടിന്റെ കനിവിൽ കണ്ണൂർ നഗരത്തിൽ നിന്നു രാത്രി 9.30നു ശേഷം തലശ്ശേരിയിലേക്കും കൂത്തുപറമ്പിലേക്കും പോകേണ്ട യാത്രക്കാർക്ക് തമിഴ്നാടു സർക്കാർ ബസാണ് ആശ്രയം. ഊട്ടിയിലേക്കു പോകുന്ന ഈ ബസ് രാത്രി 10നു കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു പുറപ്പെടും. തലശ്ശേരി വഴി കൂത്തുപറമ്പിലേക്കും തുടർന്നു മാനന്തവാടി വഴി ഊട്ടിയിലേക്കും പോകും.

മറ്റു മാർഗങ്ങളില്ലാത്തതിനാൽ കൂത്തുപറമ്പിലേക്കു പോകേണ്ടവർ തലശ്ശേരി വഴി ചുറ്റിയാണ് ഈ ബസിൽ യാത്രചെയ്യുന്നത്. ചില ദിവസങ്ങളിൽ മുന്നറിയിപ്പൊന്നുമില്ലാതെ ഈ ബസ് ട്രിപ്പ് മുടക്കാറുണ്ട്. അന്നത്തെ ദിവസം യാത്രക്കാർ പെരുവഴിയിലാകും. കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ പരാതിപ്പെട്ടാൽ തമിഴ്നാടിന്റെ ബസാണ് തങ്ങളോടു പറഞ്ഞിട്ടു കാര്യമില്ല എന്നാണ് മറുപടി ലഭിക്കുക.

1 comment:

  1. രാത്രി മാത്രമാണല്ലോ Ksrtc ആളെക്കയറ്റാനോടുന്നതാണന്നുള്ള ള്ബോധം വരുന്നുള്ളൂൂ....

    ReplyDelete

Powered by Blogger.