കണ്ണൂര്‍ നഗരറോഡ് വികസനം

കണ്ണൂര്‍ 
കണ്ണൂര്‍ നഗര റോഡ് വികസന പദ്ധതിയിലൂടെ നവീകരിക്കുന്ന 12 റോഡുകളുടെയും 15 വര്‍ഷത്തെ അറ്റകുറ്റപ്പണി കേരള റോഡ് ഫണ്ട് ബോര്‍ഡ് ഏറ്റെടുക്കും. കണ്ണൂരിനെ ആധുനിക നഗരമാക്കി മാറ്റുന്ന പദ്ധതിയുടെ മുഖ്യആകര്‍ഷണമായി സര്‍ക്കാര്‍ പരിഗണിക്കുന്നത് ഇതാണ്. 2012ല്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് 744 കോടിയുടെ പദ്ധതിക്കുള്ള നടപടികള്‍ അതിവേഗം മുന്നോട്ടുപോകുന്നത്. കോര്‍പറേഷന്‍ പരിധിയിലെ 12 റോഡാണ് നവീകരിക്കുന്നത്. രണ്ട് മേല്‍പാലങ്ങളും മൂന്ന് റെയില്‍വേ ഫ്ളൈഓവറുകളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 
47 കിലോമീറ്റര്‍ റോഡ് നവീകരണത്തിനായി ഇരുഭാഗത്തെയും സ്ഥലം ഏറ്റെടുക്കേണ്ടിവരുന്നതാണ് പദ്ധതിയുടെ ഏറ്റവും ഭാരിച്ച ഉത്തരവാദിത്തം. നേരത്തെ നാലുവരിപ്പാതക്കാണ് സര്‍വെ നടത്തിയതെങ്കിലും സ്ഥലം ഏറ്റെടുക്കുമ്പോഴുണ്ടാവുന്ന  പ്രതിസന്ധികള്‍ പരിഗണിച്ചാണ് രണ്ടുവരി സര്‍ക്കാര്‍ നിര്‍ദേശിച്ചത്. സ്ഥലം ഏറ്റെടുക്കുന്നതിന് 343 കോടി രൂപയാണ് പദ്ധതിയില്‍ മാറ്റിവച്ചത്. രണ്ടുവരിപ്പാതക്ക് 646പേരുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരിക. 
 പദ്ധതിക്ക് കഴിഞ്ഞമാസം സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചു. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നിര്‍ദേശങ്ങളും സര്‍ക്കാരിന് സമര്‍പ്പിച്ചു. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുന്നതിന് ഒരുവര്‍ഷമാണ്  കാലാവധി. മറ്റ് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി 2018ല്‍ നിര്‍മാണം ആരംഭിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. എല്ലാറോഡുകള്‍ക്കും അനുബന്ധമായി രണ്ട് മീറ്റര്‍ നടപ്പാതയും പദ്ധതി നിര്‍ദേശിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ദിനേഷ് ഭാസ്കറിന്റെ സാനിധ്യത്തിലാണ് തിങ്കളാഴ്ച ജനപ്രതിനിധികളെയും വകുപ്പ് ഉദ്യോഗസ്ഥരെയും സാങ്കേതിക വിദഗ്ധരെയും പങ്കെടുപ്പിച്ച് യോഗം നടന്നത്. 
 ഭൂമി ഏറ്റെടുക്കല്‍ 
നഗരറോഡ് വികസന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഏറ്റവും വലിയ കടമ്പ സ്ഥലം ഏറ്റെടുക്കലായിരിക്കും. കണ്ണൂര്‍ ജനത ഒരേ മനസ്സോടെ ഇതിനൊപ്പം നിന്നാലേ ഗതാഗതക്കുരുക്കഴിക്കാനുള്ള ശ്രമങ്ങള്‍ സമയത്ത് പൂര്‍ത്തിയാക്കാനാവൂവെന്ന് കൂടിയാലോചനായോഗത്തില്‍ എംപിമാരായ പി കെ ശ്രീമതിയും കെ കെ രാഗേഷും പറഞ്ഞു. കോര്‍പറേഷന്റെ ഇരുഭാഗത്തും ഇരിക്കുന്നവര്‍ ഒറ്റ മനസ്സായി പദ്ധതിക്കായി രംഗത്തിറങ്ങണം. 
സാധ്യമെങ്കില്‍ നാലുവരിപ്പാതയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്രയധികം സ്ഥലം ഏറ്റെടുക്കുക അപ്രായോഗികമാണ്. ഒരു പാടുപേരുടെ ദുരിതങ്ങള്‍ കാണേണ്ടിവരും. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇഴഞ്ഞുനീങ്ങുന്ന വന്‍ പദ്ധതിയേക്കാള്‍ എളുപ്പം നടക്കാവുന്ന റോഡ് വികസനമാകും നല്ലത്. 
ഇതിന് സമാന്തരമായി ദേശീയപാത വികസനവും ബൈപ്പാസുകളും നഗരത്തിലെ ചെറുറോഡുകള്‍ വികസിപ്പിക്കുകയും ചെയ്താല്‍ ഗതാഗതക്കുരുക്ക് വലിയരളവോളം കുറയുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. ഈ കലായളവിനുള്ളില്‍ ഈ പ്രദേശത്ത് നിര്‍ദേശിക്കപ്പെട്ട മറ്റ് റോഡ് വികസന പദ്ധതികള്‍ നിര്‍ദിഷ്ടപദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പാക്കണമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. 

No comments

Powered by Blogger.