കണ്ണൂരിലും ബിവറേജസ് സൂപ്പർമാർക്കറ്റ്


കണ്ണൂർ: തലയിൽ മുണ്ടിട്ടും മുഖം മറച്ചും ബിവറേജസ് ഔട്ട്ലെറ്റിനു മുന്നിൽ ക്യൂ നിൽക്കേണ്ടി വരുന്നവർക്ക് ഇനി ആശ്വസിക്കാം. കണ്ണൂർ ജില്ലയിലെ ആദ്യത്തെ സെൽഫ് സർവിസ് ഔട്ട്‌ലെറ്റായി പാറക്കണ്ടിയിൽ സൂപ്പർ മാർക്കറ്റ് തിങ്കളാഴ്ച പ്രവർത്തനം തുടങ്ങി.
ഇപ്പോൾ ഇവിടെ അടുത്തടുത്തായി മീഡിയം, പ്രീമിയം, സൂപ്പർ മാർക്കറ്റ് എന്നിങ്ങനെ മൂന്നു ഔട്ട്‌ലെറ്റുകളായി. സെൽഫ് സർവിസിൽ ആദ്യദിവസം തന്നെ 1,30,000 രൂപയുടെ വില്പനയാണ് നടന്നത്. മൂന്നു കൗണ്ടറും കൂടിയുള്ള ഒരു ദിവസത്തെ വില്പന 34 ലക്ഷം രൂപയുടേതും. ധനലക്ഷ്മി ആശുപത്രി പരിസരത്തെ ഔട്ട്‌ലെറ്റും ഇന്നലെ തുറന്നു. ഇതോടെ കണ്ണൂർ ജില്ലയിലെ അടച്ചൂപൂട്ടിയ ഔട്ട്ലെറ്റുകളെല്ലാം വീണ്ടും സജീവമായി.
സൂപ്പർ മാർക്കറ്റിൽ 700 രൂപ മുതൽ 2500 രൂപ വരെ വിലയുള്ള പ്രീമിയം ഇനങ്ങളാണ് വില്പനയ്ക്കുള്ളത്. ഒരാൾക്ക് മൂന്നു ലിറ്റർ വരെ മദ്യം ഇവിടെ നിന്നു വാങ്ങാം. നിരത്തിവച്ച ബക്കറ്റിൽ ആവശ്യമുള്ള ബ്രാൻഡ് സ്വയം തിരഞ്ഞെടുക്കാം. കാസർകോട്ടെ നീലേശ്വരത്തും സൂപ്പർ മാർക്കറ്റ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
സൂപ്പർമാർക്കറ്റിൽ 500 രൂപയിലേറെ വിലയുള്ള റം, 700 രൂപയിൽ കൂടുതൽ നിരക്ക് വരുന്ന ബ്രാൻഡി, വിസ്‌കി, വോഡ്ക തുടങ്ങിയവയാണ് ലഭിക്കുക. നൂറ് രൂപയ്ക്ക് മുകളിലുള്ള ബിയറും വാങ്ങാം. സാധാരണ ഔട്ട്‌ലെറ്റുകളിൽ ലഭ്യമല്ലാത്ത പല ബ്രാൻഡുകളും പുതിയ സൂപ്പർമാർക്കറ്റിലുണ്ട്.
അനുയോജ്യമായ സ്ഥലം കിട്ടിയാൽ കണ്ണൂരിലും കാസർകോട്ടും ഓരോ സൂപ്പർ മാർക്കറ്റ് കൂടി തുടങ്ങാൻ പദ്ധതിയുണ്ടെന്ന് ബിവറേജസ് അധികൃതർ പറഞ്ഞു.

No comments

Powered by Blogger.