കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ നാലാം പ്ളാറ്റ്ഫോം നിര്‍മാണം വൈകുന്നു


കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അനുവദിച്ച നാലാം നമ്പര്‍ പ്ളാറ്റ്ഫോം നിര്‍മാണം വൈകുന്നു. പി കെ ശ്രീമതി എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയിലാണ് പ്ളാറ്റ്ഫോം നിര്‍മിക്കാന്‍ റെയില്‍ മന്ത്രാലയം അനുമതി നല്‍കിയത്. കിഴക്കുഭാഗത്ത് ടിക്കറ്റ് കൌണ്ടറിനോടനുബന്ധിച്ച് 6.45 കോടി രൂപ ചെലവിലാണ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. ടെന്‍ഡര്‍ നടപടി പോലും ആരംഭിച്ചിട്ടില്ല. ഒരുമാസംകൊണ്ട് ടെന്‍ഡര്‍ നടപടി ആരംഭിച്ച് നിര്‍മാണം തുടങ്ങുമെന്നായിരുന്നു റെയില്‍വേ എംപിക്ക് നല്‍കിയ വാഗ്ദാനം.
 യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള സ്വപ്നമായിരുന്നു നാലാം നമ്പര്‍ പ്ളാറ്റ്ഫോം. നിര്‍മാണത്തിന് കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ അംഗീകാരം നല്‍കിയിരുന്നെങ്കിലും ജൂലൈ മാസമാണ് ഫണ്ട് അനുവദിച്ചത്.  വടക്കന്‍ മലബാറിലെ  പ്രധാനപ്പെട്ട സ്റ്റേഷനുകളിലൊന്നാണ് കണ്ണൂര്‍. അഞ്ച് എക്സ്പ്രസ് ട്രെയിനുകളും നിരവധി പാസഞ്ചര്‍ ട്രെയിനുകളും കണ്ണൂര്‍ റയില്‍വേ സ്റ്റേഷനില്‍നിന്നു യാത്ര ആരംഭിക്കുന്നു. 60 യാത്രാ വണ്ടികള്‍ നിത്യേനയും പുറമെ നിരവധി ചരക്കുവണ്ടികളും ഇതുവഴി കടന്നു പോകുന്നു.
  പ്ളാറ്റ്ഫോം ഇല്ലാത്തതിനാല്‍ പലപ്പോഴും ട്രെയിനുകള്‍ പുറത്ത് കാത്തുകിടക്കേണ്ട അവസ്ഥയാണ്. കണ്ണൂരില്‍ പിറ്റ്ലൈനും നാലാം നമ്പര്‍ പ്ളാറ്റ്ഫോമിനുമായി വര്‍ഷങ്ങളായി ആവശ്യം ഉയരുന്നുണ്ട്. നേരത്തേതന്നെ പിറ്റ്ലൈനിന് അംഗീകാരം നല്‍കിയിരുന്നെങ്കിലും തുടര്‍പ്രവര്‍ത്തനം നടന്നില്ല. പി കെ ശ്രീമതിയും കെ കെ രാഗേഷും കണ്ണൂരിന്റെ റെയില്‍വേ വികസനത്തിന് നടത്തിയ ഇടപെടലാണ് ഇതിനെല്ലാം ജീവന്‍വയ്പ്പിച്ചത്.
  കിഴക്കുഭാഗത്ത് പ്ളാറ്റ്ഫോം വന്നാല്‍ യാത്രക്കാര്‍ക്ക് വലിയ തോതിലുള്ള സൌകര്യം ലഭിക്കും. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലൂടെ യാത്രചെയ്യുന്ന 90 ശതമാനം യാത്രക്കാരും കിഴക്ക് ഭാഗത്ത് കൂടെയാണ് വരുന്നത്. കിഴക്ക് ഭാഗത്ത് പാര്‍ക്കിങ് ഏരിയാ വിപുലീകരിക്കുന്നുമുണ്ട്. പ്രവൃത്തി ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ അനുവദിച്ച പണം തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. നിര്‍മാണ മേഖലയില്‍ കേരളം പിറകിലാണെന്ന് റെയില്‍വേ നടത്തിയ പഠനം തന്നെ പറയുന്നു. നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യുന്നത് ചെന്നൈ സോണല്‍ ഓഫീസാണ്.

No comments

Powered by Blogger.