പിലാത്തറ – പാപ്പിനിശ്ശേരി റോഡ് നിർമാണം നിലച്ചു


പാപ്പിനിശ്ശേരി ∙ പിലാത്തറ – പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് നിർമാണം അവസാനഘട്ടമായപ്പോഴേക്കും നിലച്ചു. ഫണ്ട് ലഭിക്കുന്നില്ലെന്നു കരാറുകാരും ശമ്പളം കിട്ടിയില്ലെന്ന പരാതി തൊഴിലാളികളും ഉന്നയിച്ചതോടെ കഴിഞ്ഞ രണ്ട് ആഴ്ചയായി പണി നടക്കുന്നില്ലെന്നാണ് പരാതി. വളപട്ടണം പാലം ഭാഗത്തു ദേശീയപാതയോടു ചേരുന്ന 600 മീറ്റർ റോഡിന്റെ പണി പാതിവഴിയിലായി. ഒരു മാസമായി റോഡിന്റെ പകുതിഭാഗം കിളച്ചിട്ടുകിടക്കുന്നു. റെയിൽവേ മേൽപാലത്തിലൂടെ കൂടുതൽ ബസുകളും ചരക്കുവാഹനങ്ങളും കടന്നു വരുന്നതിനാൽ ഈ ഇടുങ്ങിയ റോഡിൽ ഗതാഗതക്കുരുക്കു പതിവായി.

പാപ്പിനിശ്ശേരി റെയിൽവേ അടിപ്പാത, കരിക്കൻകുളം മുതൽ റോഡിന്റെ മേൽപാളിയിലെ ടാറിങ്, ഓവുചാൽ, പഴയങ്ങാടി താവം റെയിൽവേ മേൽപാലം, രാമപുരം പാലം അപ്രോച്ച് റോഡ് എന്നിവ കൂടി ഇനി പൂർത്തിയാകാനുണ്ട്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കോടിക്കണക്കിനു രൂപ കുടിശിക വന്നതായി കരാറുകാർ അറിയിച്ചു. എന്നാൽ ബിൽതുക മാറിവരുന്നതിലുള്ള കാലതാമസം ഉണ്ടെന്നും കൂടുതൽ തൊഴിലാളികളെ ഉപയോഗപ്പെടുത്തി വേഗത്തിൽ പണി തീർക്കാതെ കാലാവധി നീട്ടുന്നതിലുള്ള അതൃപ്തി കരാറുകാരെ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

No comments

Powered by Blogger.