ഈ അധ്യാപകദിനം കണ്ണൂരിനു സ്വന്തം

ഇത്തവണ ജില്ലയില്‍ അധ്യാപകദിനത്തിനു തിളക്കമേറെ. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ അധ്യാപക പുരസ്കാരങ്ങളില്‍ കേരളത്തിനു ലഭിച്ചതിന്റെ മൂന്നിലൊന്നും കണ്ണൂര്‍ ജില്ലയിലാണെത്തിയത്. കേരളത്തിന് ആകെ കിട്ടിയ 12 അവാര്‍ഡുകളില്‍ മൂന്നെണ്ണം ജില്ലയിലെ സ്കൂളുകളിലെ അധ്യാപകര്‍ക്കു തന്നെ. കാസര്‍കോട്ടു പഠിപ്പിക്കുന്ന കണ്ണൂര്‍ സ്വദേശിക്കുമുണ്ട് പുരസ്കാരം. ഇത്തരമൊരു നേട്ടം അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ല. പ്രൈമറി വിഭാഗത്തില്‍ രാധാകൃഷ്ണന്‍ മാണിക്കോത്ത് (ഗവ. ടിടിഐ ഫോര്‍ മെന്‍, കണ്ണൂര്‍), സെക്കന്‍ഡറി വിഭാഗത്തില്‍ കെ.വി.പ്രദീപ്കുമാര്‍ (തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂള്‍), എം.പി.സനില്‍കുമാര്‍ (മമ്പറം ഹയര്‍ സെക്കന്‍ഡറി റിട്ട. അധ്യാപകന്‍) എന്നിവരാണു ജില്ലയില്‍ നിന്ന് അവാര്‍ഡ് നേടിയത്.

കാസര്‍കോട് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ തളിപ്പറമ്പ് സ്വദേശി പി.രതീഷ്കുമാറിന്റെ പുരസ്കാരവും കണ്ണൂരിനു സ്വന്തം. അധ്യാപനത്തെയും അധ്യയനത്തെയും ക്ലാസ്മുറിയുടെ നാലു ചുവരുകള്‍ക്കു പുറത്തേക്കു കൊണ്ടുപോയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നാലുപേരും സമ്മാനിതരായത്. കലാസാംസ്കാരിക പരിസിഥിതി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ രാധാകൃഷ്ണൻ മാണിക്കോത്ത്, കെപിഎസ്ടിഎയുടെ സാംസ്കാരിക വിഭാഗത്തിന്റെ ജില്ലാ ചെയർമാനാണ്. അവാർ‍ഡി ടീച്ചേഴ്സ് അസോസിയേഷന്റെ ഗുരുശ്രേഷ്ഠ പുരസ്കാരവും നേടിയിട്ടുണ്ട്.

ശാസ്ത്രാധ്യാപകനായ കെ.വി.പ്രദീപ്കുമാർ അക്കാദമിക് മേഖലയിലെ പ്രവർത്തനങ്ങളിലൂടെയാണു ശ്രദ്ധേയനായത്. അധ്യാപകർക്കുള്ള സംസ്ഥാനതല പരിശീലന സമിതി അംഗം, പാഠപുസ്തക രചനാ സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. പ്രദീപ്കുമാറും ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവാണ്. എം.പി.സനില്‍കുമാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച ശേഷമാണു ദേശീയ അവാര്‍ഡിന് അര്‍ഹനായത്. ശാസ്ത്ര പാഠപുസ്തക ശില്‍പശാലകളിലും ശാസ്ത്രമേളകളിലെ സ്റ്റു‍ഡന്റ് പ്രോജക്ടുകളിലും മുഖ്യസാന്നിധ്യവും ശാസ്ത്രകേരളം പത്രാധിപ സമിതി അംഗവുമാണ്. സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ബഹുമുഖ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ പി.രതീഷ്കുമാര്‍ ലഹരിവിരുദ്ധ സമരം, രക്തദാനം, പരിസ്ഥിതി സംരക്ഷണം എന്നീ രംഗങ്ങളിലും സജീവമാണ്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. നാളെ ‍ഡല്‍ഹിയില്‍ രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കും.

No comments

Powered by Blogger.