പാപ്പിനിശ്ശേരി വേളാപുരത്ത് പോത്ത് കയറുപൊട്ടിച്ചോടി; ‘കൊമ്പിൻമുനയിൽ’ നാട്


പാപ്പിനിശ്ശേരി ∙ അറവുശാലയിൽ നിന്നു കയറുപൊട്ടിച്ചോടിയ പോത്ത് നാടാകെ വിരണ്ടോടി. നാട്ടുകാർ മണിക്കൂറുകളോളം പരിഭ്രാന്തിയിലായി. ഇന്നലെ രാവിലെ 9.30ന് മാങ്കടവ് അറവുശാലയിൽ നിന്നു വിരണ്ടോടിയ പോത്ത് അരോളി വഴി വേളാപുരത്ത് എത്തി. വഴി നീളെ പോത്ത് അക്രമാസക്തമായി വന്നതിനാൽ നാട്ടുകാർ മണിക്കൂറുകളോളം പേടിച്ച് പുറത്തിറങ്ങാതായി. വേളാപുരം, ചുങ്കം തുരുത്തി എന്നിവിടങ്ങളിൽ വിളയാടിയ പോത്ത് വേളാപുരം ദേശീയപാതയിലൂടെ വന്ന ബൈക്ക് യാത്രക്കാരനായ യുവാവിനെ കുത്തിവീഴ്ത്തി. പോത്തിനെ കണ്ടു ഭയന്നോടിയ നാട്ടുകാരിൽ ചിലർക്കു പരുക്കേറ്റതായും പരാതി ഉയർന്നു.

പോത്തിന്റെ കുത്തേൽക്കാതിരിക്കാൻ പലരും കടകളിലും വീടുകളിലും കയറി രക്ഷപ്പെടുകയായിരുന്നു. ഉടമസ്ഥർ കയറുമായി പിടികൂടാനെത്തിയപ്പോൾ ദേശീയപാതയിലൂടെ ഓടിയ പോത്ത് കൂടുതൽ അക്രമാസക്തമായി. ഒടുവിൽ 11 മണിയോടെ ചുങ്കം തുരുത്തിയിൽനിന്ന് പോത്തിനെ പിടിച്ചുകെട്ടി. കണ്ണൂരിൽ നിന്ന് അഗ്നിശമന സേനയും വളപട്ടണം പൊലീസും സ്ഥലത്ത് എത്തിച്ചേർന്നു. ഇതിനിടയിൽ പോത്ത് കുത്തിയ ഏതാനും പേരെ ഗുരുതര പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ള അഭ്യൂഹം നാട്ടുകാരെ കൂടുതൽ ആശങ്കയിലാക്കി

No comments

Powered by Blogger.