ആശ്വാസമാവാതെ ആശ്വാസകിരണം; ആനുകൂല്യം ലഭിക്കാത്തവര്‍ ഒട്ടേറെ


ആശ്വാസകിരണം വീശിയില്ല, മറ്റു ജോലിക്കൊന്നും പോകാതെ കിടപ്പുരോഗികളെ ശുശ്രൂഷിച്ച് വീടുകളിൽ കഴിയുന്നവർക്കായി നൽകുന്ന തുച്ഛമായ സഹായധനം പോലും കൊടുക്കാതെ സർക്കാർ മറ്റ് ഓണാഘോഷങ്ങൾക്കൊപ്പം പോയി. പ്രതിമാസം ശരാശരി 500 രൂപ മാത്രമാണ് ആശ്വാസകിരണം ആനുകൂല്യമായി നൽകുന്നത്. ഒരു വർഷത്തെ തുകയാണ് സർക്കാർ ഒന്നിച്ച് നൽകുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലഭ്യമായിത്തുടങ്ങിയ ഈ തുക ഒട്ടേറെ നിർധന കുടുംബങ്ങൾക്ക് ഓണക്കാലത്ത് ആശ്വാസമായിരുന്നു.

കഴിഞ്ഞ വർഷം ഓണക്കാലത്ത് തുക നൽകിയിരുന്നതിനാൽ ഈ വർഷവും ഈ തുക കിട്ടുമെന്നു പലരും കരുതി. എന്നാൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകി കാത്തിരുന്നവർക്ക് തുക അയച്ചു തുടങ്ങിയെന്നു മറുപടി മാത്രമാണ് കിട്ടിയത്. ഏതാനും പേർക്ക് മാത്രമാണു തുക കിട്ടിയത്. തിരുവോണത്തിന് മുമ്പ് ഇതു കിട്ടുമെന്ന പ്രതീക്ഷയിൽ ഇരുന്നവർ ഇന്നലെയാണു തുക ഇനിയും അക്കൗണ്ടിൽ വന്നിട്ടില്ലെന്ന് അറിയുന്നത്. പലരും ഓഫിസിൽ വിളിച്ചപ്പോൾ ഫോൺ പ്രവർത്തനരഹിതം. സാമൂഹികക്ഷേമ വകുപ്പിനു കീഴിൽ സോഷ്യൽ സെക്യൂരിറ്റി ഓഫിസ് മുഖേനയാണ് തുക നൽകിയിരുന്നത്. ഓണത്തിന് മുമ്പ് ഈ തുക നൽകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടും അധികൃതർ കനിഞ്ഞില്ല.  

No comments

Powered by Blogger.