സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കവര്‍ച്ച: പ്രതികള്‍ പിടിയില്‍


കണ്ണൂര്‍: ലിഫ്റ്റ് ചോദിച്ച് കയറിയ യുവാക്കള്‍ ബൈക്ക് യാത്രക്കാരനെ മര്‍ദിച്ച ശേഷം മാലയും പണവും മൊബൈലും കവര്‍ന്ന കേസിലെ രണ്ട് പ്രതികളെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി റെയില്‍വെ ഗേറ്റിനടുത്ത കുണ്ടുങ്കല്‍ സജീര്‍ (32), കാനായി തോട്ടുംകടവ് ചെങ്ങ ഹൗസില്‍ സിറാജ് (29) എന്നിവരെയാണ് എസ് ഐ ശ്രീജിത് കൊടേരി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് മാനായ പറശ്ശിനിക്കടവ് സ്വദേശി കൊയിലേരിയന്‍ സജിത്തിന്റെ സ്‌കൂട്ടറില്‍ പുതിയ തെരുവില്‍ നിന്ന് രണ്ടുപേര്‍ ലിഫ്റ്റ് ചോദിച്ച് കയറുകയായിരുന്നു. പാപ്പിനിശ്ശേരി ചുങ്കത്തെത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് സജിത്തിനെ മര്‍ദിച്ചവശനാക്കിയ ശേഷം കവര്‍ച്ചനടത്തി കടന്നുകളയുകയായിരുന്നു.
ഒന്നരപവന്റെ മാലയും 2600 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നതായാണ് പോലീസില്‍ നല്‍കിയ പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികളും പിടിയിലായത്. ചോദ്യം ചെയ്യലില്‍ മാല കണ്ണൂരിലെ ജ്വല്ലറിയില്‍ വിറ്റതായി പ്രതികള്‍ പോലിസിനോട് പറഞ്ഞു

No comments

Powered by Blogger.