ചെറുകുന്ന് ടൗണിൽ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കും

ചെറുകുന്ന് ∙ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചെറുകുന്ന് ടൗണിൽ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കും. പഞ്ചായത്തിന്റെയും കണ്ണപുരം പൊലീസിന്റെയും നേതൃത്വത്തിൽ രാഷ്ട്രീയപാർട്ടി നേതാക്കൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവരുടെ യോഗത്തിലാണു തീരുമാനം. കണ്ണൂർ ഭാഗത്തേക്കുള്ള കതിരുവയ്ക്കുംതറയിലെ ഇപ്പോഴത്തെ ബസ് സ്റ്റോപ് അൽപം പിന്നോട്ടു മാറി ചെറുകുന്ന് ബാങ്ക് കെട്ടിടത്തിനു സമീപത്തും ബോയ്സ് ഹൈസ്കൂളിനു സമീപത്തെ സ്റ്റോപ് കെവിആർ ബിൽഡിങ്ങിന് സമീപത്താക്കാനും തീരുമാനിച്ചു.

റോഡരികിൽ പാർക്ക് ചെയ്യുന്ന സ്വകാര്യവാഹനങ്ങൾക്കു പാർക്കിങ് സ്ഥലം കണ്ടെത്താനും ഓട്ടോ, ഗുഡ്സ് ഓട്ടോ എന്നിവയുടെ ഇപ്പോഴത്തെ പാർക്കിങ്ങിനു നിയന്ത്രണം ഏർപ്പെടുത്താനും മറ്റു വാഹനങ്ങൾ അമ്പലം റോഡരികിൽ പാർക്ക് ചെയ്യാനും തീരുമാനിച്ചു. കീഴറ ഭാഗത്തുനിന്നു വരുന്ന ബസുകൾ ടൗണിൽ നിന്നു തിരിക്കാതെ കണ്ണപുരം റെയിൽവേ സ്റ്റേഷൻ വരെ പോയി തിരിക്കാനും തീരുമാനമായി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസൻകുഞ്ഞി അധ്യക്ഷത വഹിച്ചു. കണ്ണപുരം പ്രിൻസിപ്പൽ എസ്ഐ ടി.വി.ധനഞ്ജയദാസ്, വി.വി.നാരായണൻ, മുള്ളിക്കൽ ഗോപാലൻ, പി.വി.ബാബു രാജേന്ദ്രൻ, ലക്ഷ്മണൻ ചെറുകുന്ന്, ടി.പുരുഷോത്തമൻ, കൃഷ്ണദാസ്, എം.സജീവൻ, കെ.വി.മുരളീധരൻ, ഷൗക്കത്തലി എന്നിവർ പ്രസംഗിച്ചു.

No comments

Powered by Blogger.