നാടൊന്നാകെ കൈകോർത്തിട്ടും ബാലേട്ടൻ യാത്രയായി

അഴീക്കോട്കാരായ, ബാലേട്ടനെ അറിയാത്തവർ ചുരുക്കമായിരിക്കും. സൗമ്യനായി എല്ലാവർക്കും പുഞ്ചിരി സമ്മാനിച്ച് ബസിന്റെ ഡ്രൈവിംഗ് സീറ്റിൽ ബാലേട്ടൻ ഇരിക്കാൻ തുടങ്ങിയിട്ട് 35 വർഷമായി. ഇത്രയും  കാലമായി കണ്ണൂർ - അഴീക്കൽ റൂട്ടിൽ ബസ്സ് (TMS) ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു. പെട്ടെന്നാണ് ബാലേട്ടന്റെ ജീവിതത്തിലേക്ക് ദുരന്തങ്ങൾ കടന്നു വരുന്നത്. 3 മാസം മുൻപ് ഭാര്യ ഹൃദയ സംബന്ധമായ അസുഖത്തിന്റെ ചികിത്സക്കിടെ മരണപ്പെട്ടു. ഭാരിച്ച ബാധ്യത വരുത്തിയ ആ ചികിത്സയുടെയും ഭാര്യയുടെ വേർപാടിന്റെയും ഇടയിൽ ബാലേട്ടന് ശ്വാസകോശ അർബുദം ബാധിച്ചു. തുടർന്ന് രണ്ടര മാസത്തോളമായി മലബാർ കാൻസർ സെൻറിലെ ഡോക്ടർമാരുടെ ചികിൽസയിലായിരുന്നു.
സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഇദ്ധേഹത്തിന് ഇത്രയും ഭാരിച്ച ചികിത്സാ ചിലവ് താങ്ങാൻ സാധിക്കാത്ത അവസരത്തിൽ സുമനസ്സുകളായ നാട്ടുകാർ ചേർന്ന് ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപികരിച്ച് പ്രവർത്തനം നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായി സഹപ്രവർത്തകരും ബസ് മുതലാളിമാരും ഒത്തുചേർന്നപ്പോൾ അവിടെ ജീവകാരുണ്യ പ്രർത്തനങ്ങളിൽ സമാനതകളില്ലാത്ത മാതൃക ആവുകയായിരുന്നു. കണ്ണൂർ അഴീക്കൽ റൂട്ടിലെ 48 ബസുകൾ ബാലേട്ടന് വേണ്ടി ഒരുമിച്ച് കാരുണ്യ യാത്ര നടത്തി 7,72,520 രൂപ സമാഹരിച്ചു. കഴിഞ്ഞ ദിവസം കണ്ണൂർ DYSP പി പി സദാനന്ദൻ ചികിത്സാ സഹായ കമ്മിറ്റിക്ക് തുക കൈമാറിയിരുന്നു. പക്ഷേ വിധി ബാലേട്ടനെ കാത്തില്ല. നാടിന് മുഴുവൻ നൊമ്പരം നൽകി ബാലേട്ടൻ യാത്രയായി. മൂന്ന് നിരത്ത് വായനശാല മുറ്റത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹം ഒരു നോക്കു കാണാൻ നാടിന്റെ നാനാഭാഗത്ത് നിന്നും ജനം ഒഴുകിയെത്തി.

No comments

Powered by Blogger.